തുടർച്ചയായ രണ്ടാം ലാ ലീഗ് മത്സരത്തിലും സമനില വഴങ്ങി അത്ലറ്റികോ മാഡ്രിഡ്. ലവാന്റെയാണ് അത്ലറ്റികോ മാഡ്രിഡിനെ 2-2 നു സമനിലയിൽ തളച്ചത്. 12 മിനിറ്റിൽ ഫിലിപ്പെയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ അന്റോണിയോ ഗ്രീസ്മാൻ ആണ് അത്ലറ്റികോക്ക് മുൻതൂക്കം നൽകിയത്. അത്ലറ്റികോ മാഡ്രിഡിൽ തിരിച്ചു വന്നതിനു ശേഷം ലാ ലീഗയിൽ ഗ്രീസ്മാൻ നേടുന്ന ആദ്യ ഗോൾ ആണ് ഇത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ അത്ലറ്റികോ മുൻതൂക്കം കാണിച്ചു എങ്കിലും തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ലെവാന്റെ മികച്ച പോരാട്ടം ആണ് നടത്തിയത്. 37 മത്തെ മിനിറ്റിൽ ലൂയിസ് സുവാരസ് റൂബനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എന്നിസ് ബർദി ലെവാന്റെയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ 76 മിനിറ്റിൽ മാതിയാസ് കുൻഹയിലൂടെ അത്ലറ്റികോ മാഡ്രിഡ് ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിലെത്തി. അതേസമയം 80 മിനിറ്റിൽ തന്റെ ദേഷ്യം ഒരിക്കൽ കൂടി പരസ്യമാക്കിയ അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണിയെ റഫറി രണ്ടാം മഞ്ഞ കാർഡ് നൽകി മത്സരത്തിൽ നിന്നു പുറത്താക്കി. അത്ലറ്റികോ ജയത്തിലേക്ക് എന്നു തോന്നിയ സമയത്ത് ആയിരുന്നു, 86 മിനിറ്റിൽ കുൻഹയുടെ ഹാന്റ് ബോളിന് വാറിലൂടെ റഫറി ലെവാന്റെക്ക് റഫറി പെനാൽട്ടി അനുവദിച്ചത്. ഈ സമയത്ത് താരങ്ങൾ തമ്മിൽ കയ്യേറ്റ ശ്രമവും ഉണ്ടായി. എന്നാൽ ഒരിക്കൽ കൂടി അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ബർദി ലെവാന്റെക്ക് നിർണായക സമനില സമ്മാനിച്ചു. 8 മിനിറ്റ് ഇഞ്ച്വറി സമയത്തിന് ശേഷം റഫറി മത്സരം അവസാനിപ്പിച്ചത് ലെവാന്റെ ആക്രമണ സമയത്ത് ആണ് എന്ന് പറഞ്ഞു പ്രതിഷേധിച്ചതിനു മത്സര ശേഷം രണ്ടാം മഞ്ഞ കാർഡ് നൽകി ലെവാന്റെ താരം റോബർട്ട് പിയറിനെ റഫറി പുറത്താക്കുന്നതും കാണാൻ ആയി. നിലവിൽ അത്ലറ്റികോ ലീഗിൽ ആറാം സ്ഥാനത്തും ലെവാന്റെ 19 സ്ഥാനത്തും ആണ്.