കാലം കഴിഞ്ഞു എന്ന വിമർശനങ്ങൾക്ക് ഗോളുകളിലൂടെ മറുപടി പറഞ്ഞു ഒബമയാങ്. ബാഴ്‌സലോണയിൽ എത്തിയത് മുതൽ സാവിയുടെ കീഴിയിൽ ബാഴ്‌സലോണയുടെ ഉയിർത്തെഴുന്നേൽപ്പിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒബമയാങ് നിലവിൽ ജനുവരിയിൽ നിന്നു ആഴ്‌സണലിൽ നിന്ന് ടീമിൽ എത്തിയ ശേഷം 11 കളികളിൽ നിന്നു 9 ഗോളുകൾ ആണ് താരം നേടിയത്. എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയുടെ റയൽ വധത്തിൽ താരം നിർണായക പങ്ക് ആണ് വഹിച്ചത്. ഇരട്ട ഗോളുകൾ നേടിയ താരം ഒരു ഗോളിന് വഴി ഒരുക്കുകയും ചെയ്തു.
ആഴ്‌സണലിൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയും ആയുള്ള പ്രശ്നങ്ങൾ ആണ് താരം ടീം വിടാൻ കാരണം ആയത്. ജനുവരി ട്രാൻസ്ഫർ വിന്റോയിൽ അവസാന ദിനം വലിയ ശമ്പള കുറവ് അടക്കം നടത്തിയാണ് താരം ബാഴ്‌സ താരം ആയത്. എൽ ക്ലാസിക്കോയിൽ ഗോൾ കൂടി നേടിയതോടെ ജർമ്മൻ ക്ലാസിക്കോയിലും നോർത്ത് ലണ്ടൻ ഡാർബിയിലും എൽ ക്ലാസിക്കോയിലും ഗോൾ നേടുന്ന ആദ്യ താരമായും ഒബമയാങ് മാറി. ജർമ്മനിയിൽ ബയേണിന് എതിരെ ഡോർട്ട്മുണ്ടിന് ആയി ഗോൾ നേടിയ താരം ആഴ്‌സണലിന് ആയി നോർത്ത് ലണ്ടൻ ഡാർബിയിൽ ടോട്ടൻഹാമിനു എതിരെ എന്നും മികവ് കാണിച്ച താരം കൂടിയാണ്. നിലവിൽ വിമർശകരുടെ വായ അടപ്പിച്ച ഓബ ആഴ്‌സണലിന്റെ നഷ്ടവും ബാഴ്‌സയുടെ വലിയ നേട്ടവും ആവുകയാണ്.