ബാഴ്‌സയിൽ സാവി നടത്തുന്നത് അവിശ്വസനീയ വിപ്ലവം! പ്രിയപ്പെട്ടവന്റെ ചിറകിലേറി ബാഴ്‌സ പറക്കുന്നു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്‌സലോണ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുത്തു വെറും 134 ദിവസങ്ങൾ കൊണ്ട് സാവി എന്ന ബാഴ്‌സലോണയുടെ പ്രിയപ്പെട്ട പുത്രൻ ആ ടീമിൽ നടത്തുന്നത് അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന വിപ്ലവം ആണ്. ലയണൽ മെസ്സി എന്ന പകരക്കാരൻ ഇല്ലാത്ത എക്കാലത്തെയും മഹാനായ താരം ഇല്ലാതെ സീസണിൽ ഇറങ്ങിയ ബാഴ്‌സലോണ തകർന്നു അറിയുന്നത് ആണ് തുടക്കത്തിൽ കാണാൻ ആയത്. സാമ്പത്തിക പ്രതിസന്ധിയും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ ബാഴ്‌സലോണ വലിയ പ്രതിസന്ധി തന്നെയാണ് നേരിട്ടത്. ലാ ലീഗയിൽ മുമ്പ് എങ്ങും ഇല്ലാത്ത വിധം ബാഴ്‌സ പിന്തള്ളപ്പെട്ടു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള ടീമിന്റെ സാധ്യത വരെ മങ്ങി. ആ സമയത്താണ് ബാഴ്‌സലോണ പരീശീലനത്തിൽ ഖത്തറിൽ മാത്രം ചെറിയ പരിചയം ഉള്ള തങ്ങളുടെ മുൻ ഇതിഹാസ താരത്തെ പരിശീലകൻ ആയി നിയമിക്കുന്നത്. ലാ ലീഗയിൽ ആദ്യ മത്സരം എസ്പന്യോളിനോട് ജയിച്ചു തുടങ്ങിയ സാവിക്ക് പക്ഷെ കാര്യങ്ങൾ തുടക്കത്തിൽ എളുപ്പം ആയിരുന്നില്ല. റയൽ ബെറ്റിസിനോട് ലീഗ് മത്സരം തോറ്റ ബാഴ്‌സ ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് തകർന്നു പുറത്ത് പോയി. സൂപ്പർ കോപ്പ സെമിയിൽ റയലിനോട് എക്സ്ട്രാ സമയത്ത് 3-2 തോൽവി വഴങ്ങിയ സാവിയുടെ ബാഴ്‌സ കോപ ഡെൽ റിയോയിൽ അത്ലറ്റികോ ബിൽബാവയോട് തോറ്റു തുടക്കത്തിൽ തന്നെ പുറത്ത് പോയി.

എന്നാൽ ടീമിന്റെ പ്രകടനങ്ങളിൽ പതുക്കെ സാവി മാജിക് ഈ സമയങ്ങളിൽ കാണാൻ തുടങ്ങിയിരുന്നു. അവേ മത്സരങ്ങളിൽ പരാജയം അറിയാതെ ലീഗിൽ കുതിക്കാനും ബാഴ്‌സ തുടങ്ങി. ജനുവരി ട്രാൻസ്ഫർ വിന്റോയിൽ ഒബമയാങ്, ഫെരാൻ ടോറസ്, ആദാമ ട്രയോറ എന്നിവർ ടീമിൽ എത്തിയതും അവർക്ക് കരുത്ത് ആയി. ഒപ്പം ടീമിൽ തിരികെയെത്തിയ പഴയ പടക്കുതിര ഡാനി ആൽവസ് കളത്തിൽ സാവിയുടെ ശബ്ദം ആയി. യുവ താരങ്ങൾ ആയ പെഡ്രി, ഗാവി, ഫെരാൻ ടോറസ്, ട്രയോറ എന്നിവർ സാവിയുടെ കുന്തമുന ആയി. അതേസമയം എല്ലാവരും ബാഴ്‌സയിൽ എഴുതി തള്ളിയ കരിയർ സാവിക്ക് കീഴിയിൽ ഉസ്മാൻ ഡെമ്പേല തിരിച്ചു പിടിക്കുന്ന കാഴ്ച അവിശ്വസനീയം ആയിരുന്നു. ബാഴ്‌സ ആരാധകർ തന്നെ കൂവിയ ഡെമ്പേല 2022 ൽ 7 അസിസ്റ്റുകൾ ആണ് സാവിയുടെ ടീമിന് ആയി നേടിയത്. സമാനമായിരുന്നു എല്ലാവരും സംശയത്തോടെ നോക്കിയ ഒബമയാങും. കളിച്ച 11 കളികളിൽ 9 ഗോളുകൾ നേടിയ ഓബ സാവിയുടെ നിലവിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ്. പ്രതിരോധത്തിൽ പിക്വക്കും ആൽബക്കും ആത്മവിശ്വാസം പകർന്ന സാവി മധ്യനിരയിൽ ബുസ്കെറ്റ്സിന്റെ മികവും തിരിച്ചു കൊണ്ടു വന്നു.

ജയത്തിന് അപ്പുറം മനോഹരമായി പന്ത് പാസ് ചെയ്തു മനോഹരമായി കളിച്ചു ഗോൾ അടിച്ചു കൂട്ടി ജയിക്കുന്ന സാവിയുടെ ബാഴ്‌സലോണ ഓർമ്മിപ്പിക്കുന്നത് ഓർമിപ്പിക്കുന്നത് പ്രതാപ കാലത്തെയാണ്. ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡ്, വലൻസിയ, അത്‌ലറ്റിക് ബിൽബാവോ, ഒസാസുന യൂറോപ്പ ലീഗിൽ നാപോളി ഇപ്പോൾ ഒടുവിൽ എൽ ക്ലാസിക്കോയിൽ സാക്ഷാൽ റയൽ മാഡ്രിഡിനു എതിരെ ഒക്കെ സമീപകാലത്ത് 4 ഗോളുകൾ ആണ് ബാഴ്‌സ ഓരോ മത്സരത്തിലും അടിച്ചു കൂട്ടിയത് എന്നത് തന്നെ ആ ടീമിന്റെ മികവും ആത്‍മവിശ്വാസവും എടുത്തു പറയുന്നുണ്ട്. നിലവിൽ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് ടീമിനെ എത്തിച്ച സാവി ലാ ലീഗയിൽ ടീമിനെ അത്ലറ്റികോ മാഡ്രിഡിനു മുകളിൽ മൂന്നാം സ്ഥാനത്തും എത്തിച്ചു. നിലവിൽ ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സലോണ രണ്ടാമതുള്ള സെവിയ്യയെക്കാൾ 3 പോയിന്റുകൾ മാത്രം പിറകിൽ ആണ്. തീർത്തും അവിശ്വസനീയം ആയ രീതിയിൽ ബാഴ്‌സയെ തിരിച്ചു കൊണ്ട് വന്ന സാവി ബാഴ്‌സലോണയിൽ എന്ത് പുതിയ ചരിത്രം ആവും ഇനി കുറിക്കുക എന്നു കാത്തിരുന്നു തന്നെ കാണാം. സമീപകാലത്ത് വലിയ തിരിച്ചടികൾ നേരിട്ട ബാഴ്‌സലോണയെയും ആരാധകരെയും ഒരിക്കൽ കൂടി സ്വപ്നം കാണാൻ പ്രേരിപ്പിക്കുക ആണ് അവരുടെ പ്രിയപ്പെട്ട ഇതിഹാസ താരം.