7 ഗോളുകൾ, 1 ചുവപ്പ് കാർഡ്, 2 പെനാൽട്ടികൾ, ഒരു പെനാൽട്ടി നഷ്ടം! ത്രില്ലറിൽ ജയം കണ്ടു അത്ലറ്റികോ

Screenshot 20220213 070403

സ്പാനിഷ് ലാ ലീഗയിൽ 7 ഗോൾ ത്രില്ലറിൽ ജയം കണ്ടു അത്ലറ്റികോ മാഡ്രിഡ്. ഗെറ്റാഫയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഡീഗോ സിമിയോണിയുടെ ടീം പരാജയപ്പെടുത്തിയത്. ഏതാണ്ട് പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും തുല്യത പാലിച്ച മത്സരത്തിൽ നിരവധി അവസരങ്ങൾ ആണ് ഇരു ടീമുകളും സൃഷ്ടിച്ചത്. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ പെനാൽട്ടി നേടാൻ ലൂയിസ് സുവാരസിന് ആയി. എന്നാൽ പെനാൽട്ടി വഴങ്ങിയ പിഴവ് അത് രക്ഷിച്ചു ആണ് ഗെറ്റാഫ ഗോൾ കീപ്പർ ഡേവിഡ് സോറിയ നികത്തുന്നത്. 19 മത്തെ മിനിറ്റിൽ അത്ലറ്റികോ മത്സരത്തിൽ മുന്നിലെത്തി. ആഞ്ചൽ കൊറിയ ആയിരുന്നു ഗോൾ നേടിയത്. 27 മത്തെ മിനിറ്റിൽ കുൻഹയുടെ ഗോളിൽ അത്ലറ്റികോ മത്സരത്തിൽ രണ്ടാം ഗോളും നേടി. തുടർന്ന് നേരിയ ഇടവേളകളിൽ മത്സരത്തിൽ ശക്തമായി തിരിച്ചു വരുന്ന ഗെറ്റാഫയെ ആണ് കാണാൻ ആയത്.Screenshot 20220213 070638

മുപ്പതാം മിനിറ്റിൽ ബോർജ മായോരാൾ ആണ് ഗെറ്റാഫയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് ഏഴു മിനിറ്റിനുള്ളിൽ എനസ് ഉനാൽ അവർക്ക് സമനില ഗോളും സമ്മാനിച്ചു. ആദ്യ പകുതിയിൽ 42 മത്തെ മിനിറ്റിൽ തോമസ് ലെമാറിന്റെ ഹാന്റ് ബോളിന് ഗെറ്റാഫക്ക് പെനാൽട്ടി ലഭിച്ചു. ലക്ഷ്യം കണ്ടു തന്റെ രണ്ടാം ഗോൾ നേടിയ ഉനാൽ ഗെറ്റാഫയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലെമാറിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ ആഞ്ചൽ കൊറിയ അത്ലറ്റികോയെ വീണ്ടും ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ അപകടകരമായ ഫൗളിന് ഫിലിപ്പെക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ അത്ലറ്റികോ പത്ത് പേരായി ചുരുങ്ങി. തുടർന്ന് ജയം കാണാൻ ഗെറ്റാഫ് ശ്രമങ്ങൾ ആണ് കൂടുതൽ കണ്ടത്. എന്നാൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു അത്ലറ്റികോ. 87 മത്തെ മിനിറ്റിൽ മരിയോ ഹെർമോസോയുടെ അതുഗ്രൻ ഒരു ഓവർ ഹെഡ്‌ കിക്ക് അത്ലറ്റികോക്ക് ആവേശ ജയം സമ്മാനിക്കുക ആയിരുന്നു. ഫെലിക്‌സിന്റെ ഹെഡർ പാസിൽ നിന്നു മാന്ത്രിക നിമിഷം ആണ് പകരക്കാരനായ ഹെർമോസോ സൃഷ്ടിച്ചത്. ജയത്തോടെ അത്ലറ്റികോ ബാഴ്‌സലോണയെ മറികടന്നു അഞ്ചാം സ്ഥാനത്ത് എത്തി.