സ്റ്റെർലിംഗിന് ഹാട്രിക്ക്, പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം തുടരുന്നു

20220213 010843

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു വലിയ വിജയം. ഇന്ന് നോർവിച് സിറ്റിയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. കാരോ റോഡിൽ നടന്ന മത്സരത്തിൽ സ്റ്റെർലിംഗിന്റെ ഹാട്രിക്ക് ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നൽകിയത്. ആദ്യ പകുതിയിൽ 31ആം മിനുട്ടിൽ ആണ് സ്റ്റെർലിംഗ് ആദ്യ ഗോൾ നേടിയത്. വാൽക്കറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു സ്റ്റെർലിംഗ് ഗോൾ.

രണ്ടാം പകുതിയിൽ സിറ്റിയുടെ ആക്രമണത്തിന് കുറച്ച് കൂടെ മൂർച്ച കൂടി. 48ആം മിനുട്ടിൽ ഫോഡനിലൂടെ സിറ്റി രണ്ടാം ഗോൾ നേടി. 70ആം മിനുട്ടിൽ ആയിരുന്നു സ്റ്റെർലിംഗിന്റെ രണ്ടാം ഗോൾ. സ്റ്റെർലിംഗിന്റെ ഹാട്രിക്ക് ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു. പെനാൾട്ടി സേവ് ചെയ്തു എങ്കിലും റീബൗണ്ടിലൂടെ താരം മൂന്നാം ഗോൾ നേടുക ആയിരുന്നു.

ഈ വിജയത്തിലൂടെ സിറ്റി 25 മത്സരങ്ങളിൽ നിന്ന് 63 പോയിന്റിലെത്തി. ലീഗിൽ ഇപ്പോൾ 12 പോയിന്റിന്റെ ലീഡ് സിറ്റിക്ക് ഉണ്ട്.