ബാഴ്സലോണ ഇതിഹാസത്തിൽ നിന്നു അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്ലനമാരിലേക്ക് ഉള്ള റൊണാൾഡ് കോമന്റെ യാത്രയിൽ മറ്റൊരു ദുരനുഭവം കൂടി. എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനോട് ഏറ്റ പരാജയത്തിന് ശേഷം സ്റ്റേഡിയം വിടുകയായിരുന്ന കോമന്റെ കാറ് തടയാൻ ശ്രമിച്ച ഒരുപറ്റം ബാഴ്സലോണ ആരാധകർ കാറിന്റെ ചില്ലിൽ അടിക്കുകയും പരിശീലകനു നേരെ അസഭ്യം പറയുകയും ചെയ്യുക ആയിരുന്നു. നിലവിൽ ലാലീഗയിൽ ഒമ്പതാം സ്ഥാനത്തേക്ക് ബാഴ്സ പിന്തള്ളപ്പെട്ടതും തുടർച്ചയായ മോശം പ്രകടനങ്ങളും ആണ് ആരാധകരെ 58 കാരനായ പരിശീലകനു നേരെ തിരിച്ചത്.
ആരാധകരിൽ നിന്നു രക്ഷപ്പെട്ടു വണ്ടി ഓടിച്ചു പോവാൻ 58 കാരനായ മുൻ ബാഴ്സലോണ നായകന് ആയി. അതേസമയം ഈ സംഭവത്തെ അപലപിച്ചു രംഗത്ത് വന്ന ബാഴ്സലോണ ഇനി ഒരിക്കലും ഇത് പോലൊരു സംഭവം ഉണ്ടാവാത്ത വിധം സുരക്ഷ ശക്തമാക്കും എന്നും വ്യക്തമാക്കി. മുൻ ബാഴ്സലോണ പ്രതിരോധ താരമായ കോമൻ കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ബാഴ്സലോണ പരിശീലകൻ ആവുന്നത്. തുടർന്ന് കഴിഞ്ഞ സീസണിൽ ടീമിനെ മൂന്നാമത് എത്തിച്ച ഡച്ച് പരിശീലകനു ഇത്തവണ വളരെ മോശം തുടക്കം ആണ് ലഭിച്ചത്. ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും കിതക്കുന്ന ക്ലബ് എൽ ക്ലാസിക്കോയിൽ കൂടി 2-1 തോറ്റതോടെ ആരാധകർ പരിശീലകനു എതിരെയുള്ള അതൃപ്തി പരസ്യമാക്കുക ആയിരുന്നു. നിലവിലെ സ്ഥിതിയിൽ കോമൻ എത്ര കാലം ബാഴ്സയിൽ തുടരും എന്നു കാത്തിരുന്നു കാണാം.