സ്പാനിഷ് ലാ ലീഗയിൽ എസ്പിന്യോളിനെ വാശിയേറിയ പോരാട്ടത്തിൽ മറികടന്നു അത്ലറ്റികോ മാഡ്രിഡ്. ഇരു ടീമുകളും നന്നായി പൊരുതിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഡീഗോ സിമിയോണിയുടെ ടീമിന്റെ ജയം. ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നിന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് ഗോളുകൾ പിറന്നത്. 52 മത്തെ മിനിറ്റിൽ രണ്ടാം പകുതിയിൽ പകരക്കാനായി ഇറങ്ങിയ യാനിക് കരാസ്കോ അത്ലറ്റികോ മാഡ്രിഡിന്റെ ആദ്യ ഗോൾ നേടി. മാതിയാസ് കുൻഹയുടെ ത്രൂ ബോളിൽ നിന്നായിരുന്നു കരാസ്കോയുടെ ഗോൾ.
എന്നാൽ 71 മത്തെ മിനിറ്റിൽ അത്ലറ്റികോക്ക് വലിയ തിരിച്ചടിയായി ജിയോഫ്രി ചുവപ്പ് കാർഡ് കണ്ടു. ഹാന്റ് ബോളിന് താരത്തിന് റഫറി രണ്ടാം മഞ്ഞ കാർഡ് കാണിക്കുക ആയിരുന്നു. എന്നാൽ തെറ്റായ തീരുമാനം ആയിരുന്നു ഇത്. തൊട്ടുപിറകെ തന്നെ കാറ്റലോണിയൻ ക്ലബ് മത്സരത്തിൽ സമനില പിടിച്ചു. റൗൾ ഡി തോമസിന്റെ ഫ്രീകിക്കിൽ ഒബ്ളാക് വരുത്തിയ അപൂർവ പിഴവ് ആണ് അത്ലറ്റികോക്ക് തിരിച്ചടിയായത്. സമനിലയിലേക്ക് എന്നു തോന്നിയ മത്സരത്തിൽ പക്ഷെ ഇഞ്ച്വറി സമയത്തെ പത്താം മിനിറ്റിൽ അത്ലറ്റികോ വിജയഗോൾ കണ്ടത്തി. റൗൾ ഡി തോമസിന്റെ ഹാന്റ് ബോളിന് വാർ പെനാൽട്ടി അനുവദിച്ചത് കരാസ്കോ നൂറാം മിനിറ്റിൽ ഗോൾ ആക്കി മാറ്റുക ആയിരുന്നു. നൂറാം മിനിറ്റിലെ ജയത്തോടെ അത്ലറ്റികോ ലീഗിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.