വെടിക്കെട്ടുമായി കൈൽ മയേഴ്സ്, കുതിപ്പ് തുടര്‍ന്ന് ബാര്‍ബഡോസ് റോയൽസ്, തുടര്‍ച്ചയായ ആറാം വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ നിലം പരിശാക്കി തുടര്‍ച്ചയായ ആറാം വിജയം നേടി ബാര്‍ബഡോസ് റോയൽസ്. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയൽസിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ബാര്‍ബഡോസ് റോയൽസ്.

ട്രിന്‍ബാഗോയെ 20 ഓവറിൽ 132 റൺസിന് പുറത്താക്കിയ ശേഷം 2 വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിലാണ് ട്രിന്‍ബാഗോയുടെ എട്ട് വിക്കറ്റ് വിജയം. കൈൽ മയേഴ്സ് 36 പന്തിൽ 79 റൺസ് നേടിയാണ് ബാര്‍ബഡോസിന്റെ വിജയം വേഗത്തിലാക്കിയത്. കോര്‍ബിന്‍ ബോഷ് 33 റൺസും ക്വിന്റൺ ഡി കോക്ക് 15 റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നിരയിൽ നിക്കോളസ് പൂരന്‍ 52 റൺസുമായി ടോപ് സ്കോറര്‍ ആയി. സുനി. നരൈന്‍ 30 റൺസ് നേടിയെങ്കിലും 31 പന്താണ് താരം നേരിട്ടത്. ബാര്‍ബഡോസിന് വേണ്ടി മുജീബ് 3 വിക്കറ്റ് നേടിയപ്പോള്‍ ഹോള്‍ഡര്‍, റഖീം കോൺവാൽ, ഒബേദ് മക്കോയി എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.