കുല്‍ദീപ് മാജിക്കിനു മുന്നില്‍ പതറി ഇംഗ്ലണ്ട്, മികവ് തുടര്‍ന്ന് ജോസ് ബട‍്‍ലര്‍

Sports Correspondent

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച് തുടക്കത്തിനു ശേഷം കുല്‍ദീപ് യാദവിനു മുന്നില്‍ വട്ടം കറങ്ങി ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍.  മികച്ച തുടക്കത്തിനു ശേഷം ഇംഗ്ലണ്ട് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ഡേവിഡ് വില്ലി പുറത്താകാതെ നേടിയ 29 റണ്‍സാണ് ഇംഗ്ലണ്ടിനെ 150 കടക്കുവാന്‍ സഹായിച്ചത്.

അഞ്ചാം ഓവറില്‍ സ്കോര്‍ 50ലേക്ക് എത്തിയ ശേഷം ജേസണ്‍ റോയ്(30) പുറത്തായെങ്കിലും ജോസ് ബട്‍ലറിന്റെ മികവില്‍ ഇംഗ്ലണ്ട് 95/1 എന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാല്‍ പതിനൊന്നാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് യാദവ് ഓവറിന്റെ മൂന്നാം പന്തില്‍ അലക്സ് ഹെയില്‍സിനെ മടക്കിയയച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിക്കുകയായിരുന്നു.

95/1 എന്ന നിലയില്‍ നിന്ന് 117/6 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് നാല് ഓവറുകളുടെ വ്യത്യാസത്തിലാണ് തകര്‍ന്നടിഞ്ഞത്. തന്റെ നാലോവറില്‍ 5 വിക്കറ്റാണ് കുല്‍ദീപ് നേടിയത്. 69 റണ്‍സ് നേടിയ ജോസ് ബട്‍ലറുടെ വിക്കറ്റും ഇതില്‍പ്പെടും. 46 പന്തുകളാണ് ജോസ് ബട്‍ലര്‍ നേരിട്ടത്. 13ാം ഓവറിന്റെ ആദ്യ പന്തില്‍ ഓയിന്‍ മോര്‍ഗനെയും മൂന്ന് നാല് പന്തുകളില്‍ ജോണി ബൈര്‍സ്റ്റോയെയും ജോ റൂട്ടിനെയും കുല്‍ദീപ് മടക്കിയയച്ചു.

ഇന്നിംഗ്സിന്റെ അവസാനത്തില്‍ ഡേവിഡ് വില്ലിയുടെ തകര്‍പ്പനടികളാണ് ഇംഗ്ലണ്ടിനെ 159 എന്ന സ്കോറിലേക്ക് നയിച്ചത്. 15 പന്തില്‍ നിന്ന് 29 റണ്‍സാണ് വില്ലി നേടിയത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial