അനുകൂല സാഹചര്യമുണ്ടെങ്കില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാലും ഒരുമിച്ച് അവസാന ഇലവനില്‍ കളിക്കുമെന്ന് അറിയിച്ച് ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. ഭാവിയിലും ഇപ്പോളത്തെ പോലെ ഇരു താരങ്ങളില്‍ ഒരാളെ മാത്രമേ ദേശീയ ടീമില്‍ തല്‍ക്കാലം തിരഞ്ഞെടുക്കുകയുള്ളുവെന്ന സൂചന കൂടിയാണ് ഭരത് അരുണ്‍ നല്‍കുന്നത്. 2019 ഏകദിന ലോകകപ്പില്‍ ഇരുവരെയും കളിപ്പിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് രവീന്ദ്ര ജഡേജയ്ക്കൊപ്പം ഇവരില്‍ ഒരാളെ മാത്രം ഉപയോഗിക്കുവാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
ഇവരിരുവരും ബാറ്റിംഗില്‍ അത്ര മികച്ചവരല്ല എന്ന കാരണം കൂടിയാണ് ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തുവാനുള്ള സാഹചര്യം സൃഷ്ടിച്ചത്. ടീമിന് ഏറ്റവും സന്തുലിതമെന്ന് തോന്നുന്ന കോമ്പിനേഷനാണ് തങ്ങള്‍ തിരഞ്ഞെടുക്കുകയെന്ന് ഭരത് അരുണ്‍ പറഞ്ഞു. ജഡേജയെ ഒരു ഓള്‍റൗണ്ടറായി ഉപയോഗിക്കാമെന്നത് ടീമിനെ വളരെ അനുകൂലമായ കാര്യമാണെന്നും ഭരത് അരുണ്‍ വ്യക്തമാക്കി.
ഏകദിനത്തിലും ടി20യിലും ബാറ്റിംഗ് കൂടി ചെയ്യാമെങ്കില്‍ വേറെ തന്നെ നിലയിലേക്ക് ഒരു താരം മാറുമെന്ന് ഭരത് പറഞ്ഞു. ബാറ്റിംഗ് കൂടിയുണ്ടെങ്കില്‍ ടീമിന് കൂടുതല്‍ സന്തുലിതാവസ്ഥ അത് സൃഷ്ടിക്കുമെന്നും ഭരത് അഭിപ്രായപ്പെട്ടു. ഇരു സ്പിന്നര്‍മാരും മാച്ച് വിന്നര്‍മാരാണെന്നും ബൗളിംഗ് മികവില്‍ കളി ഒറ്റയ്ക്ക് ജയിപ്പിക്കുവാന്‍ ശേഷിയുള്ളവരാണെന്നും ഭരത് അരുണ്‍ വ്യക്തമാക്കി.