കേരളത്തിനു എതിരാളികള്‍ ഗുജറാത്ത്, ക്വാര്‍ട്ടര്‍ അരങ്ങേറുക കൃഷ്ണഗിരി സ്റ്റേഡിയത്തില്‍

Sports Correspondent

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍ കടന്ന കേരളത്തിനു ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഗുജറാത്ത്. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ജനുവരി 15-19 വരെയുള്ള ദിവസങ്ങളിലാണ് മത്സരം നടക്കുക. ഹിമാച്ചല്‍ പ്രദേശിനെതിരെ 5 വിക്കറ്റ് വിജയം കരസ്ഥമാക്കിയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ ഇന്നിംഗ്സില്‍ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 67 ഓവറില്‍ വിജയം കുറിക്കുവാന്‍ കേരളത്തിനു സാധിക്കുകയായിരുന്നു.

വിജയ ലക്ഷ്യമായ 297 റണ്‍സ് നേടുവാന്‍ കേരളത്തിനെ വിനൂപ് മനോഹരന്‍, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ എന്നിവരുടെ ഇന്നിംഗ്സുകളാണ് സഹായിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ വിദര്‍ഭ ഉത്തരാഖണ്ഡിനെ നേരിടുമ്പോള്‍ രണ്ടാം ക്വാര്‍ട്ടറില്‍ സൗരാഷ്ട്രയ്ക്ക് എതിരാളികള്‍ ഉത്തര്‍പ്രദേശാണ്. മൂന്നാം ക്വാര്‍ട്ടറില്‍ കര്‍ണ്ണാടകയും രാജസ്ഥാനും ഏറ്റുമുട്ടും.