കോഹ്ലിയെ എന്നെങ്കിലും വിമർശിച്ചവർ വരെ ഇന്ന് പറഞ്ഞു പോകും. നിങ്ങൾ ഒരു ഇതിഹാസം തന്നെ എന്ന്. ഇന്ന് ലോകകപ്പിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യൻ ബാറ്റിംഗിലെ എല്ലാവരും പതറിയപ്പോൾ ഒറ്റയ്ക്ക് നിന്ന് തന്റെ ക്ലാസ് കാണിക്കാൻ വിരാട് കോഹ്ലിക്കായി. 53 പന്തിൽ കോഹ്ലൊ നേടിയ 82 റൺസ് ഇന്ത്യ ഒരിക്കലും മറക്കില്ല. രോഹിതും രാഹുലും സ്കൈയും പതറിയ, ഹാർദ്ദിക് പന്ത് ഒന്ന് മിഡിൽ ചെയ്യാൻ പാടുപെട്ട പിച്ചിൽ കോഹ്ലി ഒറ്റക്ക് നിന്ന് പൊരുതി. 31-4 എന്ന നിലയിൽ ഇന്ത്യ പതറിയ സ്ഥലത്ത് നിന്ന് കോഹ്ലി പതിയെ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.
18ആം ഓവർ വരെ പാണ്ട്യയും കോഹ്ലിയും ക്രീസിൽ നിന്നിരുന്നു എങ്കിലും റൺ റേറ്റ് കയറുന്നുണ്ടായിരുന്നില്ല. ഹാർദ്ദിക് തന്റെ പതിവ് ടച്ചിൽ നിന്ന് ഏറെ പിറകിലാണെന്ന് മനസ്സിലാക്കിയ കോഹ്ലി ഡ്രൈവിങ് സീറ്റിലേക്ക് കയറി. ഷഹീൻ അഫ്രീദിയെ തലങ്ങും വിലങ്ങും അടിച്ച് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 16 റൺസ് ആ ഓവറിൽ വന്നു.
അതു കഴിഞ്ഞ് വന്ന ഹാരിസ് റഹൂഫിന്റെ പത്തൊമ്പതാം ഓവർ. ഹാർദ്ദിക് പണി പതിനെട്ടും നോക്കിയിട്ടും റൺ വന്നില്ല. അവസാന രണ്ടു പന്തിൽ സ്ട്രൈക്കിൽ എത്തിയ കോഹ്ലി രണ്ടു സിക്സിലേക്ക് പറത്തി.
അവസാന ഓവറിൽ 16 റൺസ്. ആദ്യ പന്തിൽ ഹാർദ്ദിക്ക് പുറത്ത്. പിന്നെ വന്ന ദിനേഷ് കോഹ്ലിക്ക് സ്ട്രൈക്ക് കൈമാറി. അവസാന ഒവറിലെ മൂന്നാമത്തെ പന്തിൽ ഡബിൾ. അടുത്ത പന്തിൽ കോഹ്ലൊയുയടെ സിക്സ്. അത് നോബോൾ കൂടി ആയതോടെ കളി ഇന്ത്യയുടെ കയ്യിലായി. ഒരു പന്ത് ശേഷിക്കെ കാർത്തിക് പുറത്തായതോടെ കളി വീണ്ടും മാറി.
നവാസിന്റെ അവസാനത്തെ പന്ത് വൈഡ് ആയി. സ്കോർ ലെവൽ. അവസാന പന്തിൽ അശ്വിൻ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. ഈ മത്സരം കോഹ്ലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്നായി എന്നും അറിയപ്പെടും.