ആവേശമായി ഇന്ത്യ – പാക് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം, ഇന്ത്യ അഭിമാനിക്കുക കോഹ്‍ലിയിൽ

Kohlipak

അവസാന പന്ത് വരെ ആവേശമായി മാറിയ ഇന്ത്യ പാക് മത്സരത്തിൽ വിജയം നേടി ഇന്ത്യ. വിരാട് കോഹ്‍ലിയുടെ ഒറ്റയാള്‍ പ്രകടനത്തിന് ഹാര്‍ദ്ദിക് പാണ്ഡ്യ പിന്തുണ നൽകിയ മത്സരത്തിൽ അവസാന പന്തിൽ ആണ് ഇന്ത്യ വിജയം കുറിച്ചത്. അവസാന ഓവറിൽ 16 റൺസ് വേണ്ട ഘട്ടത്തിൽ കോഹ്‍ലി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന നിമിഷത്തിൽ നിന്ന് അവസാന പന്തിൽ രണ്ട് റൺസ് വേണ്ട ഘട്ടത്തിലേക്ക് മത്സരം മാറി. അശ്വിന്‍ ആ പന്ത് ഫീൽഡര്‍മാരുടെ തലയ്ക്ക് മുകളിലൂടെ  കടത്തി ഇന്ത്യയുടെ 4 വിക്കറ്റ് വിജയം സാധ്യമാക്കിയപ്പോള്‍ കോഹ്‍ലി 53 പന്തിൽ 82 റൺസാണ് നേടി പുറത്താകാതെ നിന്നു.

ഇന്ന് 160 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. നസീം ഷാ കെഎൽ രാഹുലിനെയും ഹാരിസ് റൗഫ് രോഹത്തിനെയും പുറത്താക്കിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിൽ വെറും 10 റൺസ് മാത്രമാണുണ്ടായിരുന്നത്.

അതിവേഗം സ്കോര്‍ ചെയ്യുകയായിരുന്നു സൂര്യകുമാര്‍ യാദവിനെ ഹാരിസ് റൗഫ് പുറത്താക്കിയപ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലിലായി. 10 പന്തിൽ 15 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

Pakistanപിന്നീട് വിരാട് കോഹ്‍ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് കരുതലോടെയാണ് ഇന്ത്യയുടെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. വേഗത്തിൽ റണ്ണെടുക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ലെങ്കിലും വിക്കറ്റുകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ഇരുവരും ശ്രദ്ധിച്ചു.

പത്തോവര്‍ പിന്നിടുമ്പോള്‍ 45 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. 115 റൺസായിരുന്നു അവസാന പത്തോവറിൽ ഇന്ത്യ നേടേണ്ടിയിരുന്നത്. ഇന്ത്യന്‍ ഇന്നിംഗ്സിലെ 12ാം ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിരാട് കോഹ്‍ലി ഒരു സിക്സും മൊഹമ്മദ് നവാസിനെതിരെ നേടിയപ്പോള്‍ ഓവറിൽ നിന്ന് 20 റൺസാണ് പിറന്നത്.

മത്സരം അവസാന അഞ്ചോവറിലേക്ക് എത്തിയപ്പോള്‍ 60 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. അടുത്ത രണ്ടോവറിൽ 12 റൺസ് മാത്രമാണ് പിറന്നത്. ഇതോടെ അവസാന 18 പന്തിൽ ഇന്ത്യയ്ക്ക് 48 റൺസ് ആയി ലക്ഷ്യം മാറി.

ഷഹീന്‍ അഫ്രീദി എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടി വിരാട് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഓവറിൽ നിന്ന് രണ്ട് ബൗണ്ടറി കൂടി വിരാട് നേടിയപ്പോള്‍ ഇന്ത്യ അവസാന രണ്ടോവറിൽ 31 റൺസ് നേടണമായിരുന്നു. 17 റൺസാണ് ഷഹീന്‍ അഫ്രീദി ഓവറിൽ വഴങ്ങിയത്.

ഹാരിസ് എറിഞ്ഞ അവസാന ഓവറിൽ ആദ്യ നാല് പന്തിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ ഷോട്ടുകള്‍ പായിക്കാനായില്ലെങ്കിലും അവസാന രണ്ട് പന്തിൽ സിക്സര്‍ പറത്തി വിരാട് കോഹ്‍ലി മത്സരത്തിൽ ഇന്ത്യന്‍ സാധ്യത നിലനിര്‍ത്തി. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 16 റൺസായി കുറഞ്ഞു.

അവസാന ഓവറിലെ ആദ്യ പന്തിൽ കൂറ്റനടിയ്ക്ക് ശ്രമിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായതോടെ ഇന്ത്യയ്ക്ക് തങ്ങളുടെ അഞ്ചാം വിക്കറ്റ് നഷ്ടമായി. 118 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.  40 റൺസാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നേടിയത്. അടുത്ത പന്തിൽ കാര്‍ത്തിക് സിംഗിള്‍ നേടിയപ്പോള്‍ കോഹ്‍ലി ഒരു ഡബിള്‍ നേടി. ഇതോടെ മൂന്ന് പന്തിൽ 13 റൺസായി ഇന്ത്യയുടെ ലക്ഷ്യം. നവാസ് എറിഞ്ഞ നാലാം പന്തിൽ നോ ബോളിൽ സിക്സ് കോഹ്‍ലി നേടിയോടെ ലക്ഷ്യം 7 റൺസായി മാറി.

അടുത്ത പന്തിൽ നവാസ് വൈഡ് എറിഞ്ഞതോടെ 3 പന്തിൽ 6 റൺസെന്ന നിലയിലായി. അടുത്ത പന്തിൽ കോഹ്‍ലിയുടെ വിക്കറ്റിൽ പന്ത് കൊള്ളിക്കാന്‍ നവാസിനായെങ്കിലും ഫ്രീ ഹിറ്റായത് ഇന്ത്യയ്ക്ക് തുണയായി. ആ ബോളിൽ ഇന്ത്യ 3 റൺസ് ഓടുക കൂടി ചെയ്തതോടെ ലക്ഷ്യം 2 പന്തിൽ 2 ആയി മാറി.

ഇന്ത്യ അനായാസം വിജയം കുറിയ്ക്കുമെന്ന നിമിഷത്തിൽ മികച്ചൊരു സ്റ്റംപിംഗിലൂടെ റിസ്വാന്‍ കാര്‍ത്തിക്കിനെ പുറത്താക്കിയത് ഇന്ത്യന്‍ ക്യാമ്പിൽ പരിഭ്രാന്തി പരത്തി. എന്നാൽ നവാസ് അടുത്ത പന്തിൽ വൈഡ് എറിഞ്ഞതോടെ സ്കോറുകള്‍ ഒപ്പമായി. അവസാന പന്തിൽ ഒരു റൺസ് വേണ്ടപ്പോള്‍ അശ്വിന്‍ പന്ത് മിഡ് ഓഫിന് മുകളിലൂടെ പറത്തി ഇന്ത്യയുടെ വിജയം സാധ്യമാക്കുകയായിരുന്നു.