ബാഴ്സയുടെ പരിശീലകൻ റൊണാൾഡ് കോമാൻ ഇനി അധിക കാലം ആ സ്ഥാനത്ത് ഉണ്ടാകില്ല എന്നാണ് സൂചനകൾ. ഈ സീസൺ ബാഴ്സലോണ തുടങ്ങിയ രീതി ദയനീയമായതിനാൽ പരിശീലകനെ പുറത്താക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണ് ബാഴ്സലോണ ബോർഡ്. ഈ സെപ്റ്റംബറിൽ ഒരു മത്സരം പോലും വിജയിക്കാൻ ഇതുവരെ ബാഴ്സലോണക്ക് ആയിട്ടില്ല. സീസണിൽ അഞ്ചു ലീഗ് മത്സരങ്ങൾ കളിച്ചപ്പോൾ ബാഴ്സലോണ ആകെ അടിച്ചത് എട്ടു ഗോളുകൾ ആണ്. ബാഴ്സലോണയെ സംബന്ധിച്ചടുത്തോളം ഗോളുകളുടെ കാര്യത്തിൽ അവസാന 17 സീസണുകളിൽ ഏറ്റവും മോശം കണക്കാണിത്.
കോമാന്റെ തന്ത്രങ്ങളും ടീം സെലക്ഷനും ആണ് പരാജയത്തിന് കാരണം എന്ന് ആരാധകർ പറയുന്നു. മെസ്സി പോയ ക്ഷീണം ഉണ്ടെങ്കിലും ബാഴ്സലോണക്ക് ഇപ്പോഴും നല്ല സ്ക്വാഡ് ഉണ്ട് എന്ന് തന്നെയാണ് ഏവരും പറയുന്നത്. എന്നാൽ ധീരമായ തീരുമാനങ്ങൾ എടുക്കാൻ കോമാനാകുന്നില്ല. ഇംഗ്ലീഷ് ഫുട്ബോളിലെ എന്ന പോലെ ക്രോസുകളിലൂടെ ഒക്കെ ഉള്ള അറ്റാക്കുകളും ബാഴ്സലോണ ആരാധകർക്ക് നിരാശ നൽകുന്നു. ഏറെ കാലമായി സുന്ദര ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന ബാഴ്സലോണയാണ് ഇപ്പോൾ ദയനീയ ഫുട്ബോൾ കളിക്കുന്നത്.
ലെവന്റെയ്ക്ക് എതിരായ മത്സരം കൂടെ നോക്കി അതിലും നിരാശ ആണെങ്കിൽ കോമാനെ മാനേജ്മെന്റ് പുറത്താക്കും. ഇപ്പോൾ തന്നെ കോമന്റെ ചില പ്രസ്താവനകളിൽ ബോർഡിന് അതൃപ്തിയുണ്ട്. പുതിയ പരിശീലകർക്കായുള്ള അന്വേഷണവും ബാഴ്സലോണ സജീവമാക്കിയിട്ടുണ്ട്.