ക്ലോപ്പിന്റെ തന്ത്രങ്ങൾ 2024 വരെ ലിവർപൂളിൽ തുടരും!!!

Newsroom

ലിവർപൂളിന്റെ പരിശീലകൻ ക്ലോപ്പ് ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. 2024വരെ അദ്ദേഹത്തെ ക്ലബിൽ നിലനിർത്തുന്ന കരാറാണ് ക്ലോപ്പും ക്ലബും തമ്മിൽ ഒപ്പുവെച്ചത്. ലിവർപൂളിനെ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാക്കി തിരികെ കൊണ്ടു വന്ന ക്ലോപ്പ് അർഹിക്കുന്ന കരാറാണ് ക്ലബ് നൽകിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ക്ലോപ്പ് എത്തിച്ചിരുന്നു.

ഇപ്പോൾ പ്രീമിയർ ലീഗ് കിരീടത്തിലേക്കും ക്ലോപ്പ് ലിവർപൂളിനെ നയിക്കുകയാണ്. ലീഗിൽ ഇതുവരെ പരാജയം അറിയാത്ത ലിവർപൂൾ ബഹുദൂരം മുന്നിലാണ്. ഇതുവരെ പ്രീമിയർ ലീഗ് കിരീടം നേടാത്ത ലിവർപൂൾ ഈ സീസണിൽ ആ കിരീടത്തിലും മുത്തമിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2015ൽ ആയിരുന്നു ക്ലോപ്പ് ലിവർപൂളിന്റെ ചുമതലയേറ്റത്. അവസാന രണ്ടു സീസണുകളിൽ തുടർച്ചയായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താനും ഒരിക്കൽ കിരീടം നേടാനും ക്ലോപ്പിനായി. കഴിഞ്ഞ വർഷം ലീഗ് കിരീടം നഷ്ടപ്പെട്ടത് വെറും ഒരു പോയന്റിനായിരുന്നു. ലിവർപൂളിനെ വളരുന്നതോടെ തന്റെ ഉത്തരവാദിത്വവും കൂടുകയാണെന്ന് കരാർ ഒപ്പുവെച്ചു കൊണ്ട് ക്ലോപ്പ് പറഞ്ഞു. താൻ ഈ കരാറിൽ അതീവ സന്തോഷവാൻ ആണെന്നും അദ്ദേഹം പറഞ്ഞു.