ഓർമ്മയില്ലേ അമ്മയായി വെറും മാസങ്ങൾക്കുള്ളിൽ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തി നിന്ന കിം കിസ്റ്റേഴ്സിനെ? ആ കിം 2020 ൽ ടെന്നീസിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നു. ബെൽജിയം താരവും മുൻ ലോകഒന്നാം നമ്പറുമായ കിം ക്ലിസ്റ്റേഴ്‌സ്, മുമ്പ് 4 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് കൂടിയായ ബെൽജിയത്തിന്റെ ഈ ഇതിഹാസ താരത്തിന് ഇപ്പോൾ 36 വയസ്സ് ഉണ്ട്, കൂടാതെ 3 മക്കളുടെ അമ്മയുമാണ്. എങ്കിലും ടെന്നീസ് കളിക്കുക എന്നത് താൻ എന്നും ഇഷ്ടപ്പെടുന്നതിനാൽ തിരിച്ചു വരാൻ ഒരുങ്ങുകയാണ് എന്നാണ് കിം പ്രതികരിച്ചത്. ഒന്നും തെളിയിക്കാൻ അല്ല കളത്തിലേക്ക് തിരിച്ചു വരുന്നത് എന്ന് പറഞ്ഞ കിം താൻ പഴയ മികവിലേക്ക് തിരിച്ചെത്താനുള്ള സകലശ്രമവും നടത്തും എന്നും കൂട്ടിച്ചേർത്തു.
1997 ൽ ആണ് കിം ടെന്നീസിൽ അരങ്ങേറ്റം കുറിക്കുന്നത്. വനിത ടെന്നീസിലെ മികച്ച യുഗത്തിൽ തന്റെതായ ഒരിടം അന്നേ സ്വാന്തമാക്കി ബെൽജിയം താരം. 2003 ൽ ലോകഒന്നാം നമ്പർ താരം ആയ കിം 2005 ലെ യു.എസ് ഓപ്പൺ ജയത്തോടെ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം സ്വന്തമാക്കി. എന്നാൽ പരിക്ക് അലട്ടിയപ്പോൾ 2006 ൽ വെറും 23 മത്തെ വയസ്സിൽ താൻ വിരമിക്കുന്നതായി പ്രഖ്യാപിച്ച കിം ആരാധകരെ ഞെട്ടിച്ചു. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം 2008 ൽ തിരിച്ചു വന്ന താരം മകൾക്ക് ജന്മം നൽകി വെറും മാസങ്ങൾക്കകം 2009 ൽ റാങ്ക് ഇല്ലാത്ത വൈൽഡ് കാർഡ് ആയി വന്ന് യു.എസ് ഓപ്പൺ കിരീടം ചൂടിയപ്പോൾ ലോകം അമ്പരന്നു നിന്നു. ആ യു.എസ് ഓപ്പണിൽ വില്യംസ് സഹോദരിമാരെയും, കരോളിന വോസിനിയാക്കി തുടങ്ങി പ്രമുഖ താരങ്ങളെ മറികടന്ന കിം 1980 തിന് ശേഷം ഒരു ഗ്രാന്റ് സ്‌ലാം കിരീടം നേടുന്ന ആദ്യ താരം ആയി.
പിന്നീട് തന്റെ കരിയറിലെ തന്നെ മികച്ച ടെന്നീസുമായി കിം ക്ലിസ്റ്റേഴ്‌സ് എന്ന സൂപ്പർ അമ്മ ടെന്നീസ് കളം നിറഞ്ഞു. 2010 ൽ യു.എസ് ഓപ്പൺ നിലനിർത്തിയ കിം 2011 ൽ ഓസ്‌ട്രേലിയൻ ഓപ്പണും നേടി വർഷങ്ങൾക്ക് ശേഷം ഒന്നാം റാങ്കിലേക്ക് തിരിച്ചു വന്നു. വീണ്ടും 2012 ലെ യു.എസ് ഓപ്പണിന് ശേഷം കിം ടെന്നീസിനോട് ഒരിക്കൽ കൂടി വിട പറഞ്ഞു. അതിനുശേഷം നാടായ ബെൽജിയത്തിൽ സ്ഥിരതാമസമാക്കിയ കിം ടെന്നീസ് അക്കാദമിയും, ടെന്നീസ് അവതാരകയായും സാന്നിധ്യം അറിയിച്ചു. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു തിരിച്ചു വരവ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച കിം ചരിത്രം ആവർത്തിക്കുമോ എന്നു കണ്ട് തന്നെ അറിയണം. ആർക്കും മുൻതൂക്കം നൽകാത്ത പ്രവചനങ്ങൾ അസാധ്യമായ വനിത ടെന്നീസിൽ കിം കിസ്റ്റേഴ്സ് എന്ന സൂപ്പർ അമ്മക്ക് 36 വയസ്സിൽ എന്ത് ചെയ്യാൻ ആകും എന്ന് കാത്തിരുന്നു തന്നെ കാണണം.