വിജയ് ഹസാരെ ട്രോഫിയിൽ കേരളം നോക്കൗട്ട് റൗണ്ടിന് യോഗ്യത നേടി. ഉത്തരാഖണ്ഡിനെതിരെ 225 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം അഞ്ചു വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് കേരളം കടക്കും എന്ന് ഉറപ്പായി. ഇന്ന് സച്ചിന് ബേബിയുടെ മികച്ച പ്രകടനം കൊണ്ടാണ് 36ആം ഓവറിലേക്ക് കേരളത്തിന് വിജയിക്കാൻ ആയത്. 71 പന്തിൽ 83 റൺസുമായി സച്ചിൻ ബേബി പുറത്താകാതെ നിന്നു.
33 റൺസുമായി സഞ്ജു സാംസൺ, 34 റൺസുമായി വിഷ്ണു വിനോദ്, 28 റൺസുമായി വിനൂപ്, 26 റൺസ് എടുത്ത രോഹൻ എന്നിവർ കേരളത്തിന്റെ വിജയത്തിൽ പങ്കുവഹിച്ചു.
നേരത്തെ നിധീഷ് എംഡിയുടെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഉത്തരാഖണ്ഡിനെ 224/9 എന്ന സ്കോറിൽ ഒതുക്കാൻ കേരളത്തിനായിരുന്നു. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡിനായി 93 റൺസ് നേടിയ ഓപ്പണറും ക്യാപ്റ്റനും ആണ് ജയ് ബിസ്ട ആണ് ടോപ് സ്കോറര്‍. ഡി നേഗി 52 റൺസ് നേടിയപ്പോള്‍ ഹിമാന്‍ഷു ബിഷ്ട്(29), ദീപേഷ് നൈൽവാൽ(20) എന്നിവരാണ് അവരുടെ മറ്റു പ്രധാന സ്കോറര്‍മാര്‍.
കേരളത്തിനായി നിധീഷിന്റെ മൂന്ന് വിക്കറ്റിന് പുറമെ ബേസിൽ തമ്പി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേനയും വിനൂപ് മനോഹരനും ഓരോ വിക്കറ്റ് നേടി. ഈ വിജയം മികച്ച റൺറേറ്റുമായു ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്യാൻ കേരളത്തെ സഹായിച്ചു