പ്രതീക്ഷയോടെ കേരളം നാളെ തമിഴ്നാടിനെതിരെ

Sports Correspondent

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനായി കേരളം ഇറങ്ങുന്നു. തമിഴ്നാടാണ് കേരളത്തിന്റെ നാളത്തെ എതിരാളികള്‍. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് കേരളത്തിന്റെ ഇതുവരെയുള്ള നേട്ടം.

ആദ്യ മത്സരത്തില്‍ കേരളം ഹൈദ്രാബാദ് മത്സരം സമനിലയിലായ ശേഷം ആന്ധ്രയെ കീഴടക്കിയ കേരളം ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഒന്നാം ഇന്നിംഗ്സിലെ തകര്‍ച്ച കാരണം മധ്യ പ്രദേശിനോട് തുമ്പയില്‍ അപ്രതീക്ഷിത തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ സച്ചിന്‍ ബേബിയും വിഷ്ണു വിനോദും കേരളത്തിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നുവെങ്കിലും തോല്‍വി ഒഴിവാക്കുവാന്‍ ടീമിനു സാധിച്ചില്ല. 4 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റാണ് കേരളത്തിനുള്ളത്.

തമിഴ്നാടിനു ഇതുവരെ 4 മത്സരങ്ങളില്‍ നിന്ന് 5 പോയിന്റ് മാത്രമാണ് നേടാനായത്. ഒരു മത്സരം പരാജയപ്പെട്ട ടീം മൂന്ന് മത്സരങ്ങളില്‍ സമനിലയില്‍ പിരിയുകയായിരുന്നു.