അണ്ടര്‍ 19 വനിത ഏകദിന ടൂര്‍ണ്ണമെന്റിൽ കേരളത്തിന് സങ്കടകരമായ ഫലം. ഇന്ന് ചത്തീസ്ഗഢിനെതിരെയുള്ള മത്സരത്തിൽ എതിരാളികള്‍ 202/3 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളം 48.5 ഓവറിൽ ഓള്‍ഔട്ട് ആകുമ്പോള്‍ 1 റൺസിന്റെ തോല്‍വിയാണ് കേരളം ഏറ്റു വാങ്ങിയത്.
184/9 എന്ന നിലയിലേക്ക് വീണ് കേരളത്തിനെ വിജയത്തിലേക്ക് പത്താം വിക്കറ്റ് കൂട്ടുകെട്ട് എത്തിക്കുമെന്ന പ്രതീക്ഷ കേരള ക്യാമ്പിൽ വന്നുവെങ്കിലും 201 റൺസിൽ അലീന(11) യുടെ വിക്കറ്റ് കേരളത്തിന് നഷ്ടമാകുകയായിരുന്നു. നിത്യ ലൂര്‍ഥ് 10 റൺസുമായി പുറത്താകാതെ നിന്നു.
50 റൺസ് നേടിയ അനന്യ പ്രദീപ് ആയിരുന്നു കേരളത്തിന്റെ സ്കോറിംഗിനെ മുന്നോട്ട് നയിച്ചത്. അബിന(23) ആണ് മറ്റൊരു പ്രധാന സ്കോറര്‍. സൗപര്‍ണ്ണിക(22), അഖില(16), ഗോപിക(15), സൂര്യ സുകുമാര്‍(16) എന്നിവരും കേരളത്തിന് പ്രതീക്ഷ നല്‍കുവാന്‍ ശ്രമിച്ചവരിൽ പെടുന്നു. ചത്തീസ്ഗഢിനായി മഹക് നാര്‍വാസേ നാലും ഐശ്വര്യ സിംഗ് മൂന്നും വിക്കറ്റ് നേടി.
നേരത്തെ ചത്തീസ്ഗഢിന് വേണ്ടി കുമുദ് സാഹു 73 റൺസും ഐശ്വര്യ സിംഗ് 54 റൺസും നേടിയപ്പോള്‍ ക്രിതി ഗുപ്ത 33 രംസ് നേടി. 35 റൺസാണ് കേരളം എക്സ്ട്രാസ് ഇനത്തിൽ വഴങ്ങിയത്. അതേ സമയം ചത്തീസ്ഗഢ 14 റൺസ് മാത്രമാണ് എക്സ്ട്രാസായി എറിഞ്ഞത്.













