ഈ സീസണിലെ കേരള പ്രീമിയർ ലീഗ് ഡിസംബർ ഏഴിന് ആരംഭിക്കും. ഇന്ന് കെ എഫ് എ പത്ര സമ്മേളനത്തിൽ ടീമുകളെയും ക്യാപ്റ്റന്മാരെയും ഒപ്പം കെ പി എൽ ട്രോഫിയും അവതരിപ്പിച്ചു. കേരള പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ലീഗാണ് ഇത്തവണത്തേത്. ഇത്തവണ 22 ടീമുകൾ ആണ് കേരള പ്രീമിയർ ലീഗിന്റെ ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള, മുൻ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എന്നിവർ ഉൾപ്പെടെയാണ് 22 ടീമുകൾ. 11 ടീമുകൾ വീതം ഉള്ള 2 ഗ്രൂപ്പുകൾ ആയാകും മത്സരം. ഗ്രൂപ്പ് എയിലെ മത്സരങ്ങൾക്ക് ഇ എം എസ് സ്റ്റേഡിയം കോഴിക്കോടും, ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയവും വേദിയാകും. കുറച്ച് മത്സരങ്ങൾ തിരുവനന്തപുരം ചന്ദ്രശേഖർ സ്റ്റേഡിയത്തിലും നടക്കും. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് നടക്കുന്ന സമയത്ത് ലീഗിൽ ഇടവേള ഉണ്ടാകും.
ഇത്തവണ ലീഗിൽ റിലഗേഷൻ ഉണ്ടാകും എന്ന് കെ എഫ് എ അറിയിച്ചു. രണ്ട് ഗ്രൂപ്പുകളിലെയും അവസാന സ്ഥാനത്ത് എത്തുന്ന ടീമുകൾ ആകും റിലഗേറ്റ് ആവുക. ആ ടീമുകൾ നേരെ കെ പി എൽ യോഗ്യത റൗണ്ടിൽ എത്തു. ജില്ലാ ലീഗ് സൂപ്പർ ഡിവിഷനിലെ ചാമ്പ്യന്മാരും അടുത്ത തവണ മുതൽ കെ പി എൽ യോഗ്യത റൗണ്ടിൽ ഉണ്ടാകും. വർഷത്തിൽ ഒന്നോ രണ്ടോ കോർപ്പറേറ്റ് എൻട്രിയും കെ പി എല്ലിൽ ഉണ്ടാകും.
ഡിസംബർ ഏഴിന് ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡ് കെ എസ് ഇ ബിയെ നേരിടും.
സ്കോർലൈനും കെ എഫ് എയും തമ്മിൽ കരാറിൽ എത്തിയതിനു ശേഷം നടക്കുന്ന ആദ്യ കെ പി എൽ സീസണാകും ഇത്. യോഗ്യത റൗണ്ടിലൂടെ ലീഗിന് യോഗ്യത നേടിയ ഐഫ കൊപ്പവും ലീഗിന് ഉണ്ട്.
ടീമുകൾ;
ഗ്രൂപ്പ് എ;
സാറ്റ് തിരൂർ, വയനാട് യുണൈറ്റഡ്, ഗോകുലം കേരള, ബാസ്കോ ഒതുക്കുങ്ങൽ, ലൂക്ക സോക്കർ ക്ലബ്, റിയൽ മലബാർ, കേരള പോലീസ്, എഫ് സി അരീക്കോട്, പറപ്പൂർ എഫ് സി, ഐഫ കൊപ്പം, എഫ് സി കേരള
ഗ്രൂപ്പ് ബി;
ട്രാവൻകൂർ റോയൽസ്, എം എ കോളേജ്, കേരള ബ്ലാസ്റ്റേഴ്സ്, ഗോൾഡൻ ത്രഡ്സ്, കേരള യുണൈറ്റഡ്, ഡോൺ ബോസ്കോ, മുത്തൂറ്റ് എഫ് എ, കോവളം എഫ് സി, LIFFA, KSEB,