സീനിയര്‍ വനിത ടി20 ട്രോഫി, ശക്തരായ റെയിൽവേസിനെതിരെ ക്വാര്‍ട്ടറിൽ കേരളത്തിന് പരാജയം

സീനിയര്‍ വനിത ടി20 ട്രോഫിയിൽ കേരളത്തിന് ക്വാര്‍ട്ടറിൽ പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റെയിൽസേവ് 166/6 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 20 ഓവറിൽ 95 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. ഇതോടെ 71 റൺസ് വിജയം റെയിൽവേസ് സ്വന്തമാക്കി.

64 റൺസ് നേടിയ ഹേമലതയും 39 റൺസ് നേടിയ സ്നേഹ് റാണയും ആണ് റെയിൽവേസിനായി തിളങ്ങിയത്. സ്വാഗതിക റഥ് 22 റൺസും മേഘന 18 റൺസും നേടി. കേരളത്തിനായി നിത്യ ലൂര്‍ഥ്, ദര്‍ശന മോഹനന്‍, മിന്നു മണി, സൗരഭ്യ പി എന്നിവര്‍ വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

25 റൺസ് നേടിയ സജന ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ദൃശ്യ ഐവി(20), മൃദുല(20) എന്നിവരും രണ്ടക്ക സ്കോര്‍ നേടിയെങ്കിലും ആര്‍ക്കും തന്നെ ടി20യുടെ ശൈലിയിൽ ബാറ്റ് വീശുവാന്‍ കഴിയാതെ പോയത് കേരളത്തിന് തിരിച്ചടിയായി. ആശ എസ് റെയിൽവേസിനായി 3 വിക്കറ്റ് നേടി.

നിരവധി ഇന്ത്യന്‍ താരങ്ങളടങ്ങിയ കരുതുറ്റ ടീമാണ് റെയിൽവേസിന്റേത്.