രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കേരളം. ഇന്ന് ഹിമാച്ചലിനെതിരെയുള്ള 297 റണ്‍സ് ലക്ഷ്യം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്പോള്‍ ഈ സീസണിലെ തങ്ങളുടെ രഞ്ജി പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ അവസാന ദിവസമാണ് കേരളം ക്വാര്‍ട്ടറിലേക്കുള്ള യോഗ്യത ഉറപ്പാക്കുന്നത്.
വിജയത്തിനു ശ്രമിയ്ക്കാനായി തങ്ങളുടെ മൂന്നാം ദിവസത്തെ സ്കോറായ 285/8 എന്ന നിലയില്‍ ഹിമാച്ചല്‍ പ്രദേശ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിനു വിജയത്തിനായി ശ്രമിക്കുവാന്‍ ഒരു ദിവസം മുഴുവന്‍ ലഭിച്ചത്. വിജയിച്ചിരുന്നുവെങ്കില്‍ ഹിമാച്ചലിനും ക്വാര്‍ട്ടര്‍ പ്രതീക്ഷയുള്ളതിനാലാണ് ഹിമാച്ചല്‍ ഡിക്ലറേഷന് മുതിര്‍ന്നത്.
എന്നാല്‍ വിനൂപ് മനോഹരനും(96) സച്ചിന്‍ ബേബിയും(92) സഞ്ജു സാംസണും(61*) അടങ്ങുന്ന താരങ്ങളുടെ പ്രകടനത്തിലാണ് കേരളം അവസാനം ദിവസം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ കടക്കുമെന്നതിനാല്‍ തുല്യ സാധ്യതയുമായാണ് ഹിമാച്ചല്‍ പ്രദേശും അവസാന ദിവസം കളത്തിലിറങ്ങിയത്.
ആദ്യ ഇന്നിംഗ്സില്‍ ലീഡ് കൈവിട്ടുവെങ്കിലും രാഹുലും സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിനായി തിളങ്ങിയിരുന്നു. രാഹുല്‍ 127 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 40 റണ്‍സും സഞ്ജു സാസംണ്‍ 50 റണ്‍സും നേടി. 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. നേരത്തെ ഹിമാച്ചലിനെ 297 റണ്‍സില്‍ ഒതുക്കുവാന്‍ സഹായിച്ചത് നിധീഷ് എംഡിയുടെ 6 വിക്കറ്റ് നേട്ടമാണ്.
രണ്ടാം ഇന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ ഹിമാച്ചല്‍ കുതിയ്ക്കുമെന്ന് കരുതിയെങ്കിലും സിജോമോന്‍ ജോസഫിന്റെ ബൗളിംഗില്‍ കേരളം തിരികെ മത്സരത്തിലേക്ക് വരികയായിരുന്നു. സിജോ നാല് വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.