മൂന്ന് പോയിന്റും മനോഹര ഫുട്ബോളും, വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണ് തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണ് വിജയ തുടക്കം. ഇന്ന് നടന്ന ഡ്യൂറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ ഇന്ത്യൻ നേവിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇതിലേറെ ഗോളുകൾക്ക് വിജയിക്കാനുള്ള അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് ഇന്ന് സൃഷ്ടിച്ചിരുന്നു. പുതിയ പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ കീഴിലെ ആദ്യ മത്സരത്തിൽ മനോഹരമായ ഫുട്ബോൾ തന്നെയാണ് കാണാൻ ആയത്.

രണ്ട് വിദേശ താരങ്ങളെ അണിനിരത്തി കൊണ്ട് മത്സരം ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. ആദ്യ മുപ്പതു മിനുട്ടുകളിൽ തന്നെ നിരവധി അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. 12ആം മിനുട്ടിൽ സത്യസെന്റെ ഷോട്ട് ആയിരുന്നു ആദ്യ അവസരം. അത് ഇന്ത്യൻ നേവി ഗോൾകീപ്പർ ദിൽരാജ് തടഞ്ഞു. പിന്നാലെ പ്രശാന്തിന്റെ ക്രോസിൽ നിന്ന് ഒരു സിറ്റർ രാഹുൽ കെപിക്ക് ലഭിച്ചു. രാഹുൽ പന്ത് നിയന്ത്രിക്കും മുമ്പ് ഗോൾ കീപ്പർ പന്ത് കൈക്കലാക്കി.

കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർ ആക്രമണങ്ങളാണ് പിന്നെ കണ്ടത്. വിദേശ താരം ലൂണയ്ക്ക് മാത്രം മൂന്ന് സുവർണ്ണാവസരങ്ങൾ ലഭിച്ചു. ഒരു ഷോട്ട് ഗോൾകീപ്പർ മികച്ച സേവിലൂടെ രക്ഷപ്പെടുത്തി, ലൂണയുടെ ഒരു ഹെഡർ ഗോൾ പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ഒരു കോർണറിൽ നിന്ന് സന്ദീപിന് ഒരു അവസരം കിട്ടി എങ്കിലും ഡിഫൻഡറുടെ ഗോൾശ്രമം ബാറിനു മുകളിലൂടെ ആകാശത്തേക്ക് പോയി.

ഇതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ ഉണ്ടാക്കുന്നത് കുറഞ്ഞു‌. ആദ്യ പകുതിയിൽ തന്നെ പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ സെന്റർ ബാക്ക് ഹക്കുവിനെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ശ്രീകുട്ടനെയും ആയുഷിനെയും കളത്തിൽ എത്തിച്ചു.

63ആം മുനുട്ടിൽ ഒരു കൗണ്ടറിൽ നിന്ന് ഇന്ത്യൻ നേവി ഗോൾ നേടുന്നതിന് അടുത്ത് എത്തി. ബ്രിട്ടോയും ശ്രേയസും ചേർന്ന് നടത്തിയ നീക്കം അവസാനം അൽബിനോ ഗോമസ് രക്ഷപ്പെടുത്തുക ആയിരുന്നു‌.

69ആം മിനുട്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി പെനാൾട്ടി വിധി വന്നത്. പ്രശാന്ത് നൽകിയ പാസ് ശ്രീകുട്ടനെ ഗോൾമുഖത്ത് എത്തിച്ചു. ഗോളടിക്കാൻ ശ്രീക്കുട്ടൻ ശ്രമുക്കും മുമ്പ് നേവി ഡിഫൻസ് താരത്തെ ഫൗൾ ചെയ്തു വീഴ്ത്തി. റഫറി പെനാൾട്ടിയും വിധിച്ചു. പെനാൾട്ടി എടുത്ത ലൂണയ്ക്ക് ഒട്ടു പിഴച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഗോൾ ലൂണ നേടി.

നേവിക്ക് സമനില നേടാൻ അവസരം ലഭിച്ചിരുന്നു എങ്കിലും അവരുടെ ശ്രമം ഗീൾ പോസ്റ്റി തട്ടി മടങ്ങുന്നത് കാണാൻ ആയി. 90ആം മിനുട്ടിൽ ശ്രീകുട്ടിന്റെ ഗോൾശ്രമം ഗോൾലൈനിൽ നിന്ന് തടയാൻ ഇന്ത്യൻ നേവി ഡിഫൻസിനായി.

ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ ഒന്നാമത് എത്തി. ഇനി 15ആം തീയതി ബെംഗളൂരു എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.