പ്രതിരോധം പാളി, ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ബെംഗളൂരു എഫ്‌സി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ മഴ പെയ്യിച്ച് ബെംഗളൂരു എഫ്സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു എഫ്സി പരാജയപ്പെടുത്തിയത്. ബെംഗളൂരു എഫ്സിക്ക് വേണ്ടി ക്ലെയ്ടൺ സിൽവ, എറിക് പാർതാലു, ദിമാസ്, സുനിൽ ഛേത്രി എന്നിവർ ഗോളടിച്ചു. മലയാളി താരം രാഹുൽ കെപിയും ജോർദ്ദാൻ മുറേയും  കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചത്. ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ പെനാൽറ്റി കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ അൽബിനോ ഗോമസ് തട്ടിയകറ്റിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് പെട്ടന്ന് തന്നെ അവസാനമായി. കളിയുടെ 17ആം മിനുട്ടിൽ ബെംഗളൂരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഗോളടിച്ചു‌. അതിമനോഹരമായ കൗണ്ടർ അറ്റാക്കിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്. ബെംഗളൂരുവിന്റെ പന്തുമായി മുന്നോട് കുതിച്ച ഗാരി ഹൂപ്പർ കൃത്യസമയത്ത് രാഹുലിന് പന്ത് കൈമാറുകയായിരുന്നു.
എന്നാൽ മറുപടി നൽകാൻ അധികം സമയമെടുത്തില്ല‌ ബെംഗളൂരു. ക്ലെയ്ടൺ സിൽവയിലുടെ ബെംഗളൂരു എഫ്സി തിരിച്ചടിച്ചു. 29ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്തായിരുന്നു ഗോൾ പിറന്നത്. നിശുകുമാർ ഹെഡ് ചെയ്ത് പന്ത് ബ്ലാസ്റ്റേഴ്സ് പകുതിയിലേക്ക് പോയി. എന്നാൽ ലാറുവാതാരയുടെ മിസ്റ്റേക്ക് മുതലെടുത്ത സിൽവ കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തടിച്ചു കയറ്റി. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി മറിഞ്ഞു. ബെംഗളൂരു എഫ്സിയുടെ താണ്ഡവമാണ് രണ്ടാം പകുതിയിൽ നടന്നത്. പ്രതിരോധം വീണപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കീഴടങ്ങി.

ബകാറി കോനെ ക്രിസ്റ്റ്യൻ ഒപ്സെതിന് ബോക്സിൽ വീഴ്ത്തിയപ്പോൾ ബെംഗളൂരു എഫ്സിക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചു. എന്നാൽ പെനാൽറ്റി എടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചു. ആൽബീനോ തോമസ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി. മൂന്ന് മിനുട്ടിനുള്ളിൽ പാർതാലുവിലൂടെ ബെംഗളൂരു എഫ്സി ലീഡ് നേടി. വീണ്ടും ലാൽലുവാതാരയുടെ പിഴവ് മുതലെടുത്ത് ബെംഗളൂരു വീണ്ടും ഗോളടിച്ചു. ക്രിസ്റ്റ്യൻ ഒപ്സെതിന്റെ പാസ് ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് അടിച്ച് കയറ്റി ദിമാസ് ഡെൽഗാടോ. എന്നാൽ ബ്ലാസ്റ്റേഴ്സ് വൈകാതെ തന്നെ തിരിച്ചടിച്ചു.

ഇത്തവണ ജോർദാൻ മുറേ ആയിരുന്നു ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. വിൻസന്റെ ഗോമസിന്റെ പന്ത് വലയിലേക്ക് തിരിച്ച് വിട്ട് മുറേ ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്കോർ ചെയ്തു. പിന്നീട് പെനാൽറ്റി നഷ്ടമാക്കിയ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രി സ്കോർ ചെയ്തു. ഖാബ്രയുടെ ക്രോസാണ് ഛേത്രിയുടെ പ്രായശ്ചിത്തത്തിന് വഴിയൊരുക്കിയത്. ഐഎസ്എല്ലിൽ ഒരു ജയം പോലും ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ 9ആം സ്ഥാനത്താണ്. അതേ സമയം 9 പോയന്റുമായി നാലാം സ്ഥാനത്താണ് ബെംഗളൂരു എഫ്സി.