കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മത്സരം ബഹിഷ്കരിക്കുമെന്ന് പറഞ്ഞത് വെറുതെ ആയിരുന്നില്ല. എന്നും നിറഞ്ഞു കവിഞ്ഞിരുന്ന കലൂർ സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരുമായുള്ള മത്സരം കാണാൻ ആകെ എത്തിയത് എണ്ണായിരം പേർ മാത്രം. ഔദ്യോഗിക കണക്കു നോക്കുകയാണെങ്കിൽ 8451പേർ. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള ഹോം മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ അറ്റൻഡൻസ് ആണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ വരെ ഇതിനേക്കാൾ ആരാധകർ എത്തിയിട്ടുണ്ടായിരുന്നു.
ഡേവിഡ് ജെയിംസിന്റെയും സംഘത്തിന്റെയും മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ആരാധകർ മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഇന്ന് ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനോട് സമനില വഴങ്ങുകയും ചെയ്തു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഹോം മത്സരത്തിൽ പോലും വിജയിച്ചിട്ടില്ല.
മത്സരത്തിന് ഇന്ന് ഗ്യാലറിയിൽ പ്രതിഷേധ സൂചകമായി ബാന്നറുകളും ഉയർന്നു. ഞങ്ങൾ ഇതിലും നല്ലത് അർഹിക്കുന്നു എന്നും ഞങ്ങൾ ഉപഭോക്താക്കളല്ല ആരാധകരാണ് എന്നും സന്ദേശമുള്ള ബാന്നറുകളാണ് ഇന്ന് കൊച്ചിയിൽ ഉയർന്നത്.