വീണ്ടും അവസാനം കലം ഉടച്ച് കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യ ഹോം വിജയത്തിന് ഇനിയും കാത്തിരിക്കണം. ഇന്ന് വീണ്ടും കളിയുടെ അവസാന നിമിഷം മൂന്ന് പോയന്റ് തുലച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ ഡെൽഹി ഡൈനാമോസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം തട്ടിയെടുത്തത്. കളിയുടെ 84ആം മിനുട്ട് വരെ മുന്നിട്ട് നിന്നിട്ടാണ് കേരളം ഇന്ന് സമനില വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ മ്യൂസിയം മുംബൈ സിറ്റിക്ക് എതിരെയും അവസന നിമിഷങ്ങളിൽ ആയിരുന്നു കേരളം വിജയം കൈവിട്ടത്.

വെറും മൂന്ന് വിദേശ താരങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ പകുതിയിൽ ചെറുതായി പതറിയിരുന്നു. രണ്ടാം പകുതിയിൽ പൊപ്ലാനിക് സബ്ബായി എത്തിയതോടെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കളി മെച്ചപ്പെട്ടത്. 48ആം മിനുട്ടിൽ ആയിരുന്നു വിനീതിന്റെ ഗോൾ പിറന്നത്. ഒരു കോർണറിന്റെ ഒടുവിൽ വിനീതിലേക്ക് എത്തിയ പന്ത് താരം ഒരു ഇടം കാലൻ ഫിനിഷിലൂടെ വലയിലാക്കി. വിനീതിന്റെ ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.

ഈ ഗോളോടെ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ഇയാൻ ഹ്യൂമിന്റെ റെക്കോർഡിനൊപ്പം വിനീതും എത്തി. വിനീതിന്റെ പത്താം ബ്ലാസ്റ്റേഴ്സ് ഗോളായിരുന്നു ഇത്. വിനീതിന്റെ ഗോളിന് ശേഷം ഡെൽഹി വീണ്ടും അറ്റാക്കിംഗിലേക്ക് തിരിഞ്ഞു. കേരള ഡിഫൻസ് ഭേദിക്കാൻ എളുപ്പത്തിൽ അവർക്കായില്ല. പക്ഷെ നിരന്തരം പൊരുതിയ ഡെൽഹി 83ആം മിനുട്ടിൽ അർഹിച്ച സമനില കണ്ടെത്തി. കലുദരോവിചിന്റെ ഹെഡറിലൂടെ ആയിരുന്നു ഡെൽഹി സമനില നേടിയത്.

ഇന്നത്തെ ഗോളോടെ 14 മത്സരങ്ങളിൽ തുടർച്ചയായി സ്കോർ ചെയ്തെന്ന റെക്കോർഡിൽ ഡെൽഹി ഡൈനാമോസ് എത്തി. ഇന്ന് ജയിച്ചിരുന്നു എങ്കിൽ ബ്ലാസ്റ്റേഴ്സിന് ലീഗിന്റെ തലപ്പത്ത് എത്താമായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചു പോയന്റാണുള്ളത്.

Advertisement