കേരള ബ്ലാസ്റ്റേഴ്സിന് ഒരു മാറ്റവുമില്ല. ഒരു മത്സരത്തിൽ കൂടെ വിജയം കൈവിട്ട് തോൽവിയുമായി കളം വിട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ തകരുകയായിരുന്നു. 2-1 എന്ന പരാജയത്തിൽ ആണ് കളി അവസാനിച്ചത്.
ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് സുവർണ്ണാവസരങ്ങൾ നഷ്ടപ്പെടുത്തിയത് വിനയായി. ഇരു ടീമുകളും അറ്റാക്ക് ചെയ്ത ആദ്യ പകുതിയിൽ രണ്ട് ഗോൾ കീപ്പർമാരുടെ മികവും കാണാനായി. 27ആം മിനുട്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ വന്നത്. എന്നാൽ അതിനു മുമ്പ് രാഹുലിന്റെ ഒരു ഷോട്ടും മറെയുടെ ഒരു ഗംഭീര സ്ട്രൈക്കും അമ്രീന്ദർ തടഞ്ഞു രക്ഷിച്ചു. പിന്നാലെയാണ് വിസെന്റെയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. സഹൽ അബ്ദുൽ സമദിന്റെ കോർണറിൽ നിന്ന് ഒരു മനോഹര ഹെഡറിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. സഹലിന്റെ സീസണിലെ രണ്ടാം അസിസ്റ്റായിരുന്നു ഇത്.
ഈ ഗോളിന് ശേഷം സഹലിന്റെ പാസിൽ നിന്ന് മറെയ്ക്ക് ഒരു അവസരം ലഭിച്ചു. മറെയുടെ ഷോട്ട് അമ്രീന്ദറിന്റെ കയ്യിലും പോസ്റ്റിലും തട്ടിയാണ് മടങ്ങിയത്. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കളി മറന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബിപിൻ സിങ് മുംബൈ സിറ്റിക്ക് സമനിക നൽകി. ബിപിന്റെ സീസണിലെ രണ്ടാം ഗോളാണിത്.
പിന്നാലെ ഒരു പെനാൾട്ടി മുംബൈക്ക് ലീഡും നൽകി. കോസ്റ്റ നടത്തിയ ഒരു ഫൗളിന് ആണ് പെനാൾട്ടി ലഭിച്ചത്. ലെ ഫോണ്ട്രെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചെന്ന് പറയേണ്ടി വരും. ഇനിയും നാലു മത്സരങ്ങൾ ബാക്കി ഉണ്ട് എങ്കിലും അത്ഭുതങ്ങൾ നടന്നാലെ ഇനി കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തുകയുള്ളൂ.