ഐ എസ് എൽ സെമി ഫൈനലിന്റെ ആദ്യ പാദം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഇന്ന് ഗോവയിൽ നടന്ന സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് വിജയം സ്വന്തമാക്കിയത്. സഹലിന്റെ ഒരു ഗോൾ ആണ് വിജയ ഗോളായി മാറിയത്.
കേരള ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമായിരുന്നില്ല ആദ്യ പകുതി. മികച്ച അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് ജംഷദ്പൂർ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദം നൽകി. ചിമ ചിക്വുവിന് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും രണ്ടും താരത്തിന് ടാർഗറ്റിലേക്ക് അടിക്കാൻ ആയില്ല.
കേരള ബ്ലാസ്റ്റേഴ്സിന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലൂണയുടെ ഒരു കോർണറിൽ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാർട്ലിയുടെ ഹെഡർ ആ അവസരം ബ്ലാസ്റ്റേഴ്സിൽ നിന്ന് തട്ടിയെടുത്തു. 34ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവർണ്ണാവസ ജംഷദ്പൂരിന് ലഭിച്ചു. ഇത്തവണയും അവർക്ക് ടാർഗറ്റ് കണ്ടെത്താൻ ആവാഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.
38ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സുവർണ്ണാവസരം വന്നു. വാസ്കസിന്റെ സഹലിനായുള്ള പാസ് രക്ഷപ്പെടുത്തുന്നതിൽ ജംഷദ്പൂർ ഡിഫൻസിന് പിഴച്ചു. ലൈൻ വിട്ട് കയറി വന്ന രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. കേരള ബ്ലാസ്റ്റേഴ്സ് 1-0 ജംഷദ്പൂർ. സഹലിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെട്ട ഫുട്ബോൾ കാഴ്ചവെച്ചു. 59ആം മിനുട്ടിൽ ലൂണയുടെ ഒരു ഷോട്ട് ഇൻസൈഡ് പോസ്റ്റിൽ തട്ടി മടങ്ങിയത് നിർഭാഗ്യകരമായി. ചെഞ്ചോ, ജീക്സൺ, സന്ദീപ് എന്നിവർ രണ്ടാം പകുതിയിൽ കളത്തിൽ എത്തി. പിന്നെ വിജയ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു. മാർച്ച് 16നാണ് രണ്ടാം പാദം നടക്കുക. അന്ന് ഒരു സമനില കിട്ടിയാൽ വരെ കേരള ബ്ലാസ്റ്റേഴ്സിന് ഫൈനൽ ഉറപ്പിക്കാം.