കൊച്ചി സ്വർഗ്ഗമായി!! അസാധ്യ വൈബ് ആയി മാറിയ കേരള ബ്ലാസ്റ്റേഴ്സ് ഫാൻ പാർക്ക്

ഇന്ന് കലൂരും കൊച്ചിയും ആഘോഷിച്ച രാത്രിയായി. കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഒരുക്കിയ ഫാൻ പാർക്ക് ഏതു കൺസേർടിനെയും വെല്ലുന്ന സന്തോഷമാണ് ആരാധകർക്ക് നൽകിയത്. കലൂർ സ്റ്റേഡിയത്തിന് പുറത്ത് നടന്ന കേരള ബ്ലാസ്റ്റേഴ്സ് ഫാൻ പാർക്കിൽ കലൂർ സ്റ്റേഡിയത്തിന് അകത്ത് കൊള്ളാവുന്നതിനേക്കാൾ ആളുണ്ടായി എന്ന് പറയാം. കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ ഒരുക്കിയ പാർക്കിൽ ഐ എസ് എൽ സെമി ഫൈനൽ കാണാൻ ആയിരങ്ങൾ ആണ് തടിച്ചു കൂടിയത്.

കൊറോണ കാരണം അവസാന രണ്ട് വർഷമായി ഇങ്ങനെയുള്ള ഒത്തുകൂടലുകൾ ഒന്നും ഇല്ലാതിരുന്നതിന്റെ ക്ഷീണവും വിഷമവും ഒക്കെ ആഘോഷമായി കലൂരിൽ മാറി. 5.30ന് ആരംഭിച്ച ആഘോഷങ്ങൾ മത്സരം തുടങ്ങിയപ്പോഴേക്ക് ആവേശ കൊടുമുടിയിൽ എത്തി. കളിയിൽ ജംഷദ്പൂരിന് അവസരങ്ങൾ വന്നപ്പോൾ ആയിരങ്ങൾ ഒറ്റയടിക്ക് നിശബ്ദരായി. നെടുവീർപ്പുകൾ വന്നു… അവസാനം കളിയുടെ 39ആം മിനുട്ടിൽ സഹൽ ഗോളടിച്ചപ്പോൾ കൊച്ചിയുടെ വൈബ് അതിന്റെ ഏറ്റവും ഉയരത്തിൽ എത്തി.

റോഡിലൂടെ പോകുന്ന വാഹനങ്ങൾ അടക്കം നിർത്തി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് കാണാൻ ആയി. അവസാനം വിജയം സ്വന്തമാക്കിയപ്പോൾ ചാന്റ്സുകൾ പാടിയും പരസ്പരം കെട്ടിപ്പിടിച്ചും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സന്തോഷം പങ്കുവെച്ചു. സെമിയുടെ രണ്ടാം പാദത്തിലും ഈ വലിയ ആരാധക കൂട്ടം ഇവിടെ ഒന്നിക്കും. അടുത്ത വർഷം കൊച്ചിയിലേക്ക് കളി തിരികെ എത്തിയാൽ എന്താണ് കാണാൻ പോകുന്നത് എന്നതിന്റെ സൂചന കൂടുയാണ് ഇത്.