ഇംഗ്ലീഷ് പ്രീമിയർ ലീഗും യൂറോപ്യൻ ഫുട്ബോളും പിന്തുടരുന്നവർക്ക് സുപരിചിതമായ പേരാണ് എൻഗാളോ കാന്റെ എന്ന പേര്. ഈ ലോകകപ്പിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയ താരം ആരാണെന്നതിനു ഒരു ഉത്തരമേയുള്ളൂ, കാന്റെ തന്നെ. ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ പട്ടികയിൽ മുകളിൽ തന്നെയാണ് കാന്റയുടെ സ്ഥാനം.
പ്രകടനത്തിനൊത്ത അംഗീകാരം കാന്റെക്ക് ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്, ഫ്രാൻസിന്റെ മുന്നേറ്റത്തെ കുറിച്ച് സംസാരിക്കുമ്പോൾ എമ്പാപ്പെയെ കുറിച്ചും ഗ്രീസ്മാനെ കുറിച്ചും പോഗ്ബയെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുമ്പോൾ ഒരിടത്തും കാന്റെ എന്ന് വരാറില്ല, അത് തന്നെയാണ് കാന്റയുടെ പ്രത്യേകതയും. എതിർ പ്രതിരോധത്തെ കീറി മുറിക്കുന്ന പാസുകളോ, സ്കില്ലുകളോ ഒന്നും കാന്റെ പുറത്തെടുക്കില്ല, പക്ഷെ ടീമിന്റെ നെടും തൂൺ കാന്റെ ആയിരിക്കും. എതിർ ടീമിന്റെ മുന്നേറ്റങ്ങളെ തടയുന്നതിൽ കാന്റയെ കഴിഞ്ഞേ വേറെ ആരും ഉള്ളു, കാന്റയെ മറികടന്ന് പാസ് നൽകാൻ എതിർ ടീം ബുദ്ധിമുട്ടും, അർജന്റീനക്കെതിരായ മത്സരത്തിൽ മെസ്സിയെ തടഞ്ഞു നിർത്തിയതും കാന്റെ തന്നെ.
മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുക എന്ന ശൈലിയാണ് കാൻറെയുടേത്, മത്സരത്തിന്റെ ആദ്യ മിനുട്ട് മുതൽ അവസാന മിനുട്ട് വരെ ഒരേ ഊർജ്ജവുമായി പ്രവർത്തിക്കുന്ന, എന്ത് വിലകൊടുത്തും പന്ത് തിരിച്ചെടുക്കുന്ന കാൻറെയുടെ ശൈലി ഫ്രഞ്ച് ഇതിഹാസവും ഡിഫൻസീവ് മിഡ്ഫീൽഡ് റോളിൽ ലോകം കണ്ട ഏറ്റവും മികച്ച താരവുമായ ക്ളോഡ് മകലലെലയെ ഓർമിപ്പിക്കുന്നതാണ്. പ്രീമിപ്പോൾ ലീഗിൽ അത്ഭുതം സൃഷ്ടിച്ചു ലെസ്റ്റർ സിറ്റി കിരീടം നേടിയപ്പോൾ ടീമിലെ മുഖ്യ താരം കാന്റെ തന്നെ ആയിരുന്നു. തൊട്ടടുത്ത വര്ഷം ചെൽസിയിലും നേട്ടം ആവർത്തിച്ച കാന്റെ ലോകകപ്പിലും തന്റെ ജോലി നന്നായി ചെയുന്നുണ്ട്.
ഏറ്റവും കൂടുതൽ ഇന്റർസെപ്‌ഷൻസ് നടത്തിയവരുടെ പട്ടികയിൽ മൂന്നാമതാണ് കാന്റെ ഉള്ളത്, ഓരോ മത്സരത്തിലും ശരാശരി 3.4 വീതം നിർണായകമായ ഇന്റർസെപ്‌ഷൻസ് നടത്തി. ലോകകപ്പിൽ നിലവിലുള്ളവരുടെ പട്ടികയിൽ ഒന്നാമതാണ് കാന്റെ. ഓരോ മത്സരത്തിലും ശരാശരി 2.4 ടാക്കിളുകൾ വിജയിച്ച കാന്റെ 75 ശതമാനം ടാക്കിളുകളും വിജയിച്ചു. ലോകകപ്പിൽ നിലവിലുള്ള കളിക്കാരിൽ ഏറ്റവും കൂടുതൽ പാസ് നൽകിയവരുടെ പട്ടികയിൽ അഞ്ചാമതാണ് കാന്റെ, ഓരോ മത്സരത്തിലും ശരാശരി 60.6 പാസുകൾ നൽകുന്നുണ്ട്.
ഫ്രാൻസ് തങ്ങളുടെ രണ്ടാം ലോകകപ് നേടിയാൽ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം കാന്റെ എന്ന അഞ്ചടി ആറിഞ്ച്കാരൻ നേടിയാലും അത്ഭുതപ്പെടെണ്ടതില്ല. കാത്തിരിക്കാം, ഇനിയുള്ള രണ്ടു മത്സരങ്ങളിൽ കാന്റെ എന്ന കുറിയ മനുഷ്യന്റെ പ്രകടനത്തിനായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial