ഇതാണെടാ ക്യാപ്റ്റന്‍!!! ഓസ്ട്രേലിയന്‍ ബൗളിംഗിനെ തച്ചുടച്ച് കെയിന്‍ വില്യംസൺ

Kanewilliamson

ഓസ്ട്രേലിയയ്ക്കെതിരെ കെയിന്‍ വില്യംസണിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 എന്ന മികച്ച സ്കോര്‍ ഫൈനലില്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ഒരു ഘട്ടത്തിൽ 8 ഓവറിൽ 40/1 എന്ന നിലയിലായിരുന്നു.

അവിടുന്ന് ക്യാപ്റ്റന്‍ കൂള്‍ കെയിന്‍ വില്യംസൺ ഉഗ്രരൂപം പൂണ്ടപ്പോള്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ കണക്കറ്റ് പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു. വില്യംസൺ 48 പന്തിൽ 85 റൺസാണ് നേടിയത്.

മികച്ച രീതിയിലാണ് ഗപ്ടിലും ഡാരിൽ മിച്ചലും തുടങ്ങിയതെങ്കിലും നാലാം ഓവറിൽ 11 റൺസ് നേടിയ മിച്ചലിനെ വെയിഡിന്റെ കൈകളിലെത്തിച്ച് ജോഷ് ഹാസല്‍വുഡ് ആണ് ഓസ്ട്രേലിയയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്.

പിന്നീട് വില്യംസണും മാര്‍ട്ടിന്‍ ഗപ്ടിലും ചേര്‍ന്ന് ന്യൂസിലാണ്ടിനെ കരുതലോടെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 57/1 എന്ന സ്കോര്‍ മാത്രമാണ് ന്യൂസിലാണ്ട് നേടിയത്.

തൊട്ടടുത്ത ഓവറിൽ സ്റ്റാര്‍ക്കിന്റെ പന്തിൽ ജോഷ് ഹാസൽവുഡ് കെയിന്‍ വില്യംസണിന്റെ ക്യാച്ച് കൈവിട്ടതോടെ ഓവറിൽ നിന്ന് 19 റൺസാണ് പിറന്നത്.

എന്നാൽ ആഡം സംപ അടുത്ത ഓവറിലെ ആദ്യ പന്തിൽ 28 റൺസ് നേടിയ ഗപ്ടിലിന്റെ വിക്കറ്റ് നേടുകയായിരുന്നു. മറുവശത്ത് കെയിന്‍ വില്യംസൺ അടിച്ച് തകര്‍ത്തപ്പോള്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ഒരു പ്രഭാവവുമുണ്ടാക്കാനാകാതെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്.

37 പന്തിൽ 68 റൺസാണ് മൂന്നാം വിക്കറ്റിൽ ഗ്ലെന്‍ ഫിലിപ്പ്സുമായി കെയിന്‍ വില്യംസൺ നേടിയത്. 18 റൺസ് നേടിയ ഫിലിപ്പ്സിനെ ഹാസല്‍വുഡ് ആണ് പുറത്താക്കിയത്. അതേ ഓവറിൽ വില്യംസണെയും ഹാസല്‍വുഡ് പുറത്താക്കി. 85 റൺസ് നേടിയ വില്യംസൺ 10 ഫോറും 3 സിക്സുമാണ് നേടിയത്.

വില്യംസൺ പുറത്തായ ശേഷം ജെയിംസ് നീഷം(13*), ടിം സീഫെര്‍ട്(8*) എന്നിവര്‍ ചേര്‍ന്നാണ് 172/4 എന്ന സ്കോറിലേക്ക് ന്യൂസിലാണ്ടിനെ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 13 പന്തിൽ 24 റൺസ് അഞ്ചാം വിക്കറ്റിൽ നേടി.

ഓസ്ട്രേലിയന്‍ ബൗളര്‍മാരിൽ ജോഷ് ഹാസൽവുഡ് 16 റൺസ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ ആഡം സംപ 1 വിക്കറ്റ് നേടി. മിച്ചൽ സ്റ്റാര്‍ക്ക് തന്റെ 4 ഓവറിൽ 60 റൺസാണ് വഴങ്ങിയത്.

Previous articleമലയാളി യുവതാരം റബീഹ് ടീമിൽ, ഹൈദരബാദ് ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleറഷ്യൻ സെൽഫ് ഗോളിൽ ക്രൊയേഷ്യ ഖത്തർ ലോകകപ്പിന് യോഗ്യത നേടി