ഇന്ന് ഇറ്റാലിയൻ ലീഗിൽ നടന്ന സൂപ്പർ പോരാട്ടവും യുവന്റസ് വിജയിച്ചു. ഇന്ന് സീരി എ പോരിൽ മിലാനെ ആയിരുന്നു യുവന്റസ് നേരിട്ടത്. മിലാന്റെ ഹോം ഗ്രൗണ്ടായ സാൻ സിരോയിൽ നടന്ന മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് സ്വന്തമാക്കിയത്. മുൻ യുവന്റസ് താരമായ ഹിഗ്വയിൻ മിലാന്റെ ജേഴ്സിയിൽ ഇറങ്ങിയ മത്സരത്തിൽ മിലാന്റെ വില്ലനായി മാറിയതും ഹിഗ്വയിൻ ആയിരുന്നു. ഒരു പെനാൾട്ടി നഷ്ടപ്പെടുത്തുകയും ഒപ്പം ചുവപ്പ് കണ്ട് പുറത്തു പോവുകയും ചെയ്ത ഹിഗ്വയിൻ ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്ന രാത്രിയാകില്ല ഇത്.
കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ അപ്രതീക്ഷിത തോൽവി കഴിഞ്ഞ് എത്തിയ യുവന്റസ് ഇന്ന് എട്ടാം മിനുട്ടിൽ തന്നെ മുന്നിൽ എത്തി. പരിക്ക് മാറി എത്തിയ മാൻസുകിച് ആയിരുന്നു എട്ടാം മിനുട്ടിൽ ഒരു കരുത്തുറ്റ ഹെഡറിലൂടെ യുവന്റസിനെ മുന്നിൽ എത്തിച്ചത്. 41ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ സമനില നേടാൻ മിലാന് ഒരു സുവർണ്ണാവസരം ലഭിച്ചു. പെനാൾട്ടി സ്പോട്ടിൽ തന്റെ മുൻ ക്ലബിനെതിരെ ഗോളടിക്കാൻ ഒരുങ്ങി എത്തിയ ഹിഗ്വയിന് പക്ഷെ പിഴച്ചു. ഹിഗ്വയിന്റെ ഷോട്ട് ചെസ്നി സേവ് ചെയ്തു. ആ ഷോട്ട് ഗോളായിരുന്നു എങ്കിൽ കളിയുടെ ഗതി തന്നെ മാറിയേനെ.
കളിയിലേക്ക് എങ്ങനെയെങ്കിലും തിരിച്ചുവരാൻ മിലാൻ ശ്രമിക്കുന്നതിനിടെ 81ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മിലാന്റെ ആ പ്രതീക്ഷ അവസാനിപ്പിച്ചു. ഗോൾ പോസ്റ്റിനു മുന്നിൽ നിന്ന് ഒരു എളുപ്പ ഗോളിലൂടെ റൊണാൾഡോ യുവന്റസിനെ രണ്ടു ഗോളിന് മുന്നിൽ എത്തിച്ചു. അതിനു തൊട്ടു പിറകെ ആയിരുന്നു ഹിഗ്വയിന്റെ ചുവപ്പ് പിറന്നത്. ഒരു ഫൗളിന് മഞ്ഞ കിട്ടിയ ഹിഗ്വയിൻ റഫറിയോട് തട്ടി കയറി ചുവപ്പ് കാർഡും വാങ്ങി കളം വിട്ടു.
ഒന്നാം സ്ഥാനത്തുള്ള യുവന്റസിന് ഈ ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 34 പോയന്റായി. പരാജയം മിലാനെ അഞ്ചാം സ്ഥാനത്തേക്ക് ഇറക്കുകയും ചെയ്തു.