ജോസെ മൗറീനോ പരിശീലക വേഷത്തിലേക്ക് മടങ്ങിയെത്തുന്നു. ടോട്ടൻഹാമിന്റെ ചുമതലയാകും മൗറീനോ ഏറ്റെടുക്കുന്നത്. ഇന്നലെ പോചടീനോയെ ടോട്ടൻഹാം പുറത്താക്കിയിരുന്നു. ആ ഒഴിവിലേക്ക് ജോസെയെ കൊണ്ടു വരാൻ ആണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്. തുടർ പരാജയങ്ങളും ഈ വർഷം മുഴുവൻ ദയനീയ പ്രകടനങ്ങൾ കാഴ്ചവെച്ചതുമായിരുന്നു പോചടീനോയുടെ ജോലി പോകാൻ കാരണം.
മൗറീനോ കോച്ചായി എത്തുന്നത് ഉടൻ തന്നെ ഔദ്യോഗികമാകും. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട ജോസെ ഇതുവരെ വേറെ ക്ലബുകളിൽ പ്രവർത്തിച്ചിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ ആഗ്രഹിച്ച ടീമിനെ ഒരുക്കാൻ മൗറീനോയ്ക്ക് ആയിരുന്നില്ല. ടോട്ടൻഹാമിൽ മൗറീനോയ്ക്ക് ആവശ്യത്തിനു സമയം ലഭിക്കും എന്നതു കൊണ്ട് തന്നെ ജോസെയുടെയും മികച്ച കോച്ചിലേക്കുള്ള തിരിച്ചുവരവ് ഉണ്ടാകും എന്ന് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നു.
അടുത്ത ആഴ്ച ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ മത്സരമുണ്ട് എന്നതും മൗറീനോയുടെ തിരിച്ചുവരവ് കൗതുകകരമാക്കുന്നു. ഇംഗ്ലണ്ടിൽ ജോസെയുടെ മൂന്നാമത്തെ ക്ലബ് ആകും സ്പർസ്. നേരത്തെ ചെൽസിയെയും ജോസെ പരിശീലിപ്പിച്ചിരുന്നു. ഇന്റർ മിലാൻ, റയൽ, പോർട്ടോ തുടങ്ങിയ ക്ലബുകളിലെല്ലാം ഇതിഹാസം രചിച്ച ജോസെ സ്പർസിലും ആ മികവ് കാണിക്കുമോ എന്ന് കാത്തിരുന്ന് കാണാം.