ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ജേസണ്‍ റോയിയെ തെറ്റായ തീരുമാനത്തില്‍ പുറത്താക്കി കുമാര്‍ ധര്‍മ്മസേന. ഇന്ന് 65 പന്തില്‍ നിന്ന് 85 റണ്‍സ് നേടി ഇംഗ്ലണ്ടിനെ വലിയ വിജയത്തിലേക്ക് നയിക്കുകയായിരുന്ന റോയിയെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അലെക്സ് കാറെ പിടിച്ച് പുറത്തായതായി ധര്‍മ്മസേന വിധിയ്ക്കുകയായിരുന്നു.
എന്നാല്‍ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ജേസണ്‍ റോയ് ഗ്രൗണ്ടില്‍ നിന്ന് പുറത്ത് പോകാതെ നിന്നപ്പോള്‍ അമ്പയര്‍ മറിയസ് എറാസ്മസ് ഇടപെട്ട് പവലിയനിലേക്ക് പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അള്‍ട്ര എഡ്ജില്‍ അമ്പയറുടെ തീരുമാനം ശരിവയ്ക്കുന്നതൊന്നും കാണുവാന്‍ ആര്‍ക്കും സാധിച്ചില്ല.
റോയിയെ ഔട്ട് വിധിച്ച ശേഷം ധര്‍മ്മസേന ടിവി ചിഹ്നം കാണിച്ചത് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. ജോണി ബൈര്‍സ്റ്റോ ഇംഗ്ലണ്ടിന്റെ ഏക റിവ്യു ഉപയോഗിച്ച് നഷ്ടപ്പെടുത്തിയതിനാല്‍ റോയിയ്ക്ക് ഈ തീരുമാനത്തെ ചോദ്യം ചെയ്യാനും ആയില്ല. എന്ത് തന്നെയായാലും റോയിയ്ക്കെതിരെ ഐസിസി നടപടിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ താരം ആദ്യം തീരുമാനം മൂന്നാം അമ്പയറിന് കൈമാറിയെന്ന് കരുതിയാണ് ഗ്രൗണ്ടില്‍ നിലയുറപ്പിച്ചതെന്നും പറയപ്പെടുന്നു.