ഇറ്റ്സ് കമിങ് ഹോം!! ഇംഗ്ലീഷ് ആരാധകരുടെ മുദ്രാവാക്യം ഇനിയും മുഴങ്ങും. സെമി ഫൈനലിൽ ഡെന്മാർക്കിനെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ തോൽപ്പിച്ച് കൊണ്ട് ഇംഗ്ലണ്ട് ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ട് വിജയം. ഞായറാഴ്ച രാത്രി വെംബ്ലിയിൽ വെച്ച് തന്നെ നടക്കുന്ന ഫൈനലിൽ ഇറ്റലിയെ ആകും ഇംഗ്ലണ്ടിന്റെ എതിരാളികൾ.
വെംബ്ലിയിൽ പതിനായിര കണക്കിന് ആരാധകരെ സാക്ഷിയാക്കി സെമി ഫൈനൽ കളിക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടും ഡെന്മാർക്കും ഇന്ന് പതിയെ ആണ് തുടങ്ങിയത്. സാഞ്ചോയെ മാറ്റി സാകയെ ആദ്യ ഇലവനിൽ എത്തിച്ച ഇംഗ്ലണ്ടും ഡിഫൻസീവ് മെന്റാലിറ്റിയോടെ ആണ് കളി തുടങ്ങിയത്. പന്ത് കയ്യിൽ വെച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ഇംഗ്ലണ്ട് തുടക്കത്തിൽ പ്രയാസപ്പെട്ടു. നല്ല അവസരങ്ങൾ കുറഞ്ഞ മത്സരത്തിന് ജീവൻ വെച്ചത് 30ആം മിനുട്ടിലെ ഡെന്മാർക്കിന്റെ ഒരു ഫ്രീകിക്കിലൂടെ ആണ്.
ലൂക് ഷോയുടെ ഫൗളിന് ലഭിച്ച ഫ്രീകിക്ക് എടുത്ത ഡെംസ്ഗാർഡ് 25 വാരെ അകലെ നിന്ന് ഇംഗ്ലീഷ് മതിലിനു മുകളിലൂടെ പിക്ക്ഫോർഡിനെയും വീഴ്ത്തി പന്ത് വലയിൽ എത്തിച്ചു. ഇംഗ്ലണ്ട് ഈ ടൂർണമെന്റിൽ വഴങ്ങിയ ആദ്യ ഗോളും ഈ ടൂർണമെന്റിലെ ആദ്യ ഡയറക്ട് ഫ്രീകിക്കുമായിരുന്നു ഇത്. ഈ ഗോളിൽ ഇംഗ്ലണ്ട് ഒന്ന് ഞെട്ടി എങ്കിലും അവർ പെട്ടെന്ന് തന്നെ കളിയിലേക്ക് തിരികെ വന്നു.
38ആം മിനുട്ടിൽ ഹാരി കെയ്ൻ നൽകിയ പാസിൽ നിന്ന് സ്റ്റെർലിംഗിന് സമനില നേടാൻ തുറന്ന അവസരം വന്നു. പക്ഷെ സ്റ്റെർലിംഗിന്റെ ഷോട്ട് കാസ്പെർ ഷിമൈക്കിലിന്റെ നേരെയാണ് പോയത്. അദ്ദേഹം നെഞ്ച് കൊണ്ട് അത് സേവ് ചെയ്തു. പക്ഷെ ആ സേവ് കഴിഞ്ഞു ഒരു മിനുട്ടാകും മുമ്പ് ഇംഗ്ലണ്ട് സമനില കണ്ടെത്തി. ഇത്തവണയും അറ്റാക്ക് തുടങ്ങിയത് ഹാരി കെയ്ൻ തന്നെ. കെയ്ൻ നൽകിയ ത്രൂ പാസ് സ്വീകരിച്ച ബുകായോ സാക പന്ത് ഗോളടിക്കാനായി സ്റ്റെർലിങിന് കൈമാറി. സ്റ്റെർലിംഗിലേക്ക് പന്ത് എത്തും മുമ്പ് അത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഡാനിഷ് ക്യാപ്റ്റൻ സിമൊൺ കഹെർ പന്ത് സ്വന്തം വലയിൽ തന്നെ എത്തിച്ചു. ഈ ടൂർണമെന്റിലെ പതിനൊന്നാണ് സെൽഫ് ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ കളിയിൽ കൂടുതൽ അറ്റാക്കുകൾ കാണാൻ ആയി. 51ആം മിനുട്ടിൽ ഡോൽബർഗിന്റെ ഒരു ഗ്രൗണ്ടർ പിക്ക്ഫോർഡ് സമർത്ഥമായി സേവ് ചെയ്തു. മറുവശത്ത് ഒരു സെറ്റ് പീസിൽ നിന്ന് ഹാരി മഗ്വയറിന്റെ ഹെഡർ ഷിമൈക്കിൾ ഫുൾ ഡൈവ് സേവിലൂടെയും രക്ഷിച്ചു. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് കളി നിയന്ത്രണം ഏറ്റെടുക്കയാണ് എന്ന് തോന്നിയതോടെ ഡെന്മാർക്ക് മൂന്ന് മാറ്റങ്ങൾ വരുത്തി ടീമിന്റെ ബാലൻസ് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. ഇംഗ്ലണ്ട് ഗ്രീലിഷിനെയും രംഗത്തിറക്കി.
72ആം മിനുട്ടിൽ മേസൺ മൗണ്ടിന്റെ ഒരു ക്രോസ് കാസ്പർ ഷിമൈക്കിൾ കഷ്ടപ്പെട്ടാണ് ബാറിനു മുകളിലൂടെ തട്ടിയകറ്റിയത്. വിജയ ഗോളിനായി ഇംഗ്ലണ്ട് 90 മിനുട്ടും ശ്രമിച്ചു എങ്കിലും ഡാനിഷ് ഡിഫൻസ് മറികടക്കുക അത്ര എളുപ്പമായിരുന്നില്ല. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമിൽ 94ആം മിനുറ്റിൽ വാൽക്കറിന്റെ പാസിൽ നിന്ന് ഹാരി കെയ്ന്റെ ഷോട്ട് സേവ് ചെയ്ത് ഷിമൈക്കിൽ കളി 1-1 എന്ന നിലയിൽ തന്നെ നിർത്തി. ഇംഗ്ലണ്ട് മൗണ്ടിനെ പിൻവലിച്ച് ഫോഡനെ കളത്തിൽ എത്തിച്ചു. 98ആം മിനുട്ടിൽ ഗ്രീലിഷിന്റെ ഷോട്ടും ഷിമൈക്കിൽ തടഞ്ഞു. 101ആം മിനുട്ടിൽ വലതു വിങ്ങിൽ ഡെന്മാർക്ക് ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് മുന്നേറിയ സ്റ്റെർലിംഗ് പെനാൾട്ടി ബോക്സിൽ വീണു. റഫറി ഇതിന് പെനാൾട്ടി വിളിക്കുകയും ചെയ്തു.
ഹാരി കെയ്ൻ എടുത്ത പെനാൾട്ടി കാസ്പെർ ഇടതു ഭാഗത്തേക്ക് ചാടി സേവ് ചെയ്തു എങ്കിലും റീബൗണ്ടിൽ കെയ്ൻ പന്ത് വലയിലേക്ക് എത്തിച്ചു. കെയ്നിന്റെ ടൂർണമെന്റിലെ നാലാം ഗോളായിരുന്നു ഇത്. ഈ ഗോൾ ഇംഗ്ലീഷിന് കളിയുടെ പൂർണ്ണ നിയന്ത്രണം നൽകി. ഡെന്മാർക്ക് തിരിച്ചടിക്കാൻ ശ്രമിച്ചു എങ്കിലും ഇംഗ്ലീഷ് ഡിഫൻസിന് കാര്യമായി വെല്ലുവിളി ഉയർത്താൻ ഡാനിഷ് അറ്റാക്കുകൾക്ക് ആയില്ല.
120മിനുട്ട് വരെ പൊരുതി ഇംഗ്ലണ്ട് വിജയവും ഉറപ്പിച്ചു. 1966ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ മേജർ ഫൈനലാണ് ഇത്. ഫൈനൽ കാണാതെ പുറത്തായി എങ്കിലും ഈ ടൂർണമെന്റിലെ ഡെന്മാർക്കിനെ ഒരു ഫുട്ബോൾ പ്രേമിയും മറക്കില്ല. ഫുട്ബോൾ ആരാധകരുടെ മുഴുവൻ സ്നേഹവും സ്വന്തമാക്കിയാണ് അവർ മടങ്ങുന്നത്.