പെനാൽറ്റിയിൽ ഗോവൻ കണ്ണീർ, മുംബൈ ഫൈനലിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

എക്സ്ട്രാ ടൈമിലേക്കും തുടർന്ന് പെനാൽറ്റിയിലേക്കും നീങ്ങിയ മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്തി മുംബൈ സിറ്റി ഐ.എസ്.എൽ ഫൈനൽ ഉറപ്പിച്ചു. ഗോൾ രഹിതമായ മത്സരത്തിൽ 2 മണിക്കൂർ പൊരുതിയിട്ടും ഗോൾ വല കുലുക്കാൻ ഇരു ടീമുകൾക്കുമായില്ല. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആദ്യ 5 കിക്കിൽ മൂന്ന് കിക്കുകൾ ഇരു ടീമുകളും നഷ്ട്ടപെടുത്തിയപ്പോൾ സഡൻ ഡെത്തിലൂടെയാണ് മുംബൈ ഫൈനൽ ഉറപ്പിച്ചത്. എഫ്.സി ഗോവക്ക് വേണ്ടി സഡൻ ഡെത്തിൽ ഒൻപതാം കിക്ക്‌ എടുത്ത ഗ്ലാൻ മാർട്ടിൻസിന്റെ ശ്രമം പുറത്തുപോവുകയും തുടർന്ന് പെനാൽറ്റി കിക്ക്‌ എടുത്ത റൗളിങ് ബോർഗസിന്റെ പെനാൽറ്റി കിക്ക്‌ ഗോളാവുകയുമായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ശ്രദ്ധയോടെയാണ് ഇരു ടീമുകളും കളിച്ചത്. ഇരു ടീമുകളും ഗോൾ വഴങ്ങാതിരിക്കാൻ ശ്രമിച്ചതോടെ മത്സരത്തിന്റെ ആദ്യ പകുതിയിൽ അവസരങ്ങൾ കുറവായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ഇരു ടീമുകളും ഉണർന്നു കളിച്ചതോടെ മത്സരം കടുത്തതായി. രണ്ടാം പകുതിയിൽ കൂടുതൽ എഫ്.സി ഗോവയാണ് മത്സരത്തിൽ അവസരങ്ങൾ സൃഷ്ട്ടിച്ചത്. എന്നാൽ മുംബൈ ഗോൾ പോസ്റ്റിൽ അമരീന്ദർ സിംഗിന്റെ മികച്ച രക്ഷപെടുത്തലുകളാണ് മുംബൈക്ക് തുണയായത്. തുടർന്ന് നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിയത്.

എക്സ്ട്രാ ടൈം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഇരു ടീമുകളും പെനാൽറ്റി ഷൂട്ട് ഔട്ടിന് വേണ്ടി ഗോൾ കീപ്പർമാരെ മാറ്റിയതും ശ്രദ്ധേയമായി. ഗോവ ഗോൾ കീപ്പർ ധീരജ് സിങ്ങിന് പകരം നവീൻ കുമാറും മുംബൈ ഗോൾ കീപ്പർ അമരീന്ദർ സിങ്ങിന് പകരം ഫർബാ ലാചെൻപയുമാണ് ഗോൾ വലക്ക് മുൻപിൽ എത്തിയത്. തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഗോവയുടെ ആദ്യ രണ്ട് കിക്കുകളും മുബൈ ഗോൾ കീപ്പർ രക്ഷപെടുത്തിയെങ്കിലും തുടർന്ന് മൂന്ന് കിക്കുകൾ രക്ഷപെടുത്തി നവീൻ കുമാർ ഗോവയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു. തുടർന്ന് സഡൻ ഡെത്തിൽ ഗ്ലാൻ മാർട്ടിൻസിന്റെ പെനാൽറ്റി കിക്ക്‌ പുറത്തുപോയതോടെ മുംബൈ സിറ്റി ജയം സ്വന്തമാക്കുകയായിരുന്നു. നേരത്തെ ആദ്യ പാദത്തിൽ ഇരു ടീമുകളും 2-2 എന്ന നിലയിൽ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു.