ഐ എസ് എല്ലിന്റെ നിലവാരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഒറ്റ നോട്ടത്തിൽ താരങ്ങൾക്ക് അത് കാണാൻ കഴിയുന്നില്ലായിരിക്കും പക്ഷെ ഒരോ ആഴ്ചയിലും ഐ എസ് എല്ലിന്റെ നിലവാരം വർധിച്ച് വരികയാണ് എന്ന് ജെയിംസ് പറഞ്ഞു. 2014ൽ ഐ എസ് എൽ വളരെ മോശമായിരുന്നു എന്നും ജെയിംസ് പറഞ്ഞു.
2014ൽ ഐ എസ് എല്ലിൽ എത്തിയ വിദേശ താരങ്ങളിൽ ഭൂരിഭാഗവും പ്രായം വളരെ കൂടുതൽ ഉള്ളവരായിരുന്നു. എന്നാൽ ഇന്ന് പൊപ്ലാനികിനെയും സ്റ്റൊഹാനോവിചിനെയും പോലെ ഉള്ള യുവരക്തം ഇനിയും ബാക്കിയുള്ളവർ ഐ എസ് എല്ലിലേക്ക് എത്തുന്നു. പൂനെ നിരയിലെ വിദേശികളിലും യുവ രക്തങ്ങൾ ഉണ്ട്. ഇത് വിദേശ താരങ്ങളുടെ കാര്യത്തിൽ ഐ എസ് എല്ലിന്റെ നിലവാരം വർധിപ്പിക്കുന്നു. ജെയിംസ് പറഞ്ഞു.
2014ൽ പൂനെയിൽ വന്നപ്പോൾ ഒരു സ്കൂൾ ഗ്രൗണ്ടിലായിരുന്നു ഞങ്ങൾ പരിശീലനം നടത്തേണ്ടി വന്നത്. എന്നാൽ ഇന്ന് പൂനെ സിറ്റിയുടെ മികച്ച ട്രെയിനിങ് സെന്ററിൽ നമുക്ക് പരിശീലനം നടത്താൻ പറ്റുന്നു. ഗ്രൗണ്ടുകളിൽ പുല്ല് വളരെ മികച്ചതായിരിക്കുന്നു. ഇതൊക്കെ വലിയ മാറ്റങ്ങളാണ് എന്നും ജെയിംസ് പറഞ്ഞു.