കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസൺ ഐ എസ് എല്യ്ം അത്ര നല്ലതല്ല എന്ന് തന്നെ പറയേണ്ടി വരും. കഴിഞ്ഞ ഐ എസ് എൽ സീസണിൽ ആദ്യ ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഏഴു പോയന്റ് ലീഗിൽ ഉണ്ടായിരുന്നു. അന്ന് ഡേവിഡ് ജെയിംസിന്റെ ജോലി പോകാൻ കാരണം ഈ മോശം തുടക്കമായിരുന്നു.
ഈ സീസണിൽ ആകട്ടെ ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ആറു പോയന്റ് മാത്രമേ കേരള ബ്ലാസ്റ്റേഴ്സിനുള്ളൂ. ജെയിംസിന്റെ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു പോയന്റ് കുറവാണിത്. എന്നാൽ ഈ താരതമ്യം ശരിയല്ല എന്നാണ് ഷറ്റോരി പറയുന്നത്. കഴിഞ്ഞ സീസണിൽ ലോംഗ് ബോൾ കളിക്കുന്ന പരിശീലകനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ കളിക്കുന്നത് എന്ന് കോച്ച് പറഞ്ഞു.
ഷറ്റോരിയുടെ വാദം അംഗീകരിക്കേണ്ടതായി വരും. ടീമിന് വിജയങ്ങളിൽ ഇല്ലായെങ്കിലും അവസാന രണ്ടു സീസണുകളെ അപേക്ഷിച്ച് നല്ല ഫുട്ബോൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ഒപ്പം പരിക്ക് കാരണം തന്റെ നല്ല ടീമിനെ ഷറ്റോരിക്ക് കിട്ടിയില്ല എന്നതും പ്രശ്നമാണ്. തന്റെ കളിക്കാർ പലരും മുമ്പ് നല്ല കോച്ചിങ് പോലും കിട്ടാത്തവർ ആണെന്നും ഷറ്റോരി പറയുന്നു.
ഷറ്റോരിയുടെ ഫുട്ബോൾ ആരാധകർ പലരും അംഗീകരിക്കുന്നുണ്ട് എങ്കിലും ഇനിയും വിജയങ്ങൾ നേടാൻ ആയില്ല എങ്കിൽ ഷറ്റോരിയുടെ കേരള ബ്ലാസ്റ്റേഴ്സ് ഭാവി തുലാസിൽ ആകും.