ഇന്ന് ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എടികെ മോഹൻ ബഗാൻ ബെംഗളൂരു എഫ്സിയെ നേരിടും. ഇരു ടീമുകൾക്കും ഇന്ന് വിജയം നിർബന്ധമാണ്. അവരുടെ അവസാന മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ 1-1 സമനിലയിൽ പിരിഞ്ഞ മോഹൻ ബഗാൻ ഇനിയും ആദ്യ നാലിൽ സ്ഥാനം ഉറപ്പാക്കിയിട്ടില്ല. ബെംഗളുരു എഫ്‌സിയെ സംബന്ധിച്ചിടത്തോളം, ആദ്യ നാലിൽ ഇടം നേടാനുള്ള അവരുടെ ഏക മാർഗം മൂന്ന് പോയിന്റാണ്. ഇന്ന് ജയിച്ചില്ല എങ്കിൽ അവർക്ക് കണക്കിൽ പോലും പ്ലേ ഓഫ് സാധ്യത ഉണ്ടാകില്ല. ഇന്ന് ജയിച്ചാലും അവരുടെ യോഗ്യത മറ്റ് മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചിരിക്കും.
ഹീറോ ഐഎസ്‌എല്ലിൽ ഇതുവരെ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. എടികെ മോഹൻ ബഗാൻ രണ്ട് തവണ ബെംഗളൂരുവിനെ മറികടന്നു, എന്നാൽ ബഗാനെതിരെ ഒരു വിജയം പോലും ബെംഗളൂരു എഫ്‌സി ഐ എസ് എല്ലിൽ രേഖപ്പെടുത്തിയിട്ടില്ല.
ഒഡീഷ എഫ്‌സിക്കെതിരായ മുൻ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട റോയ് കൃഷ്ണ ഇന്ന് ഉണ്ടാകില്ല. പരിക്കേറ്റ ഡേവിഡ് വില്യംസും കളിക്കുന്നത് സംശയമാണ്. ഇന്ന് ബഗാൻ പോയിന്റ് നഷ്ടപ്പെടുത്തിയാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമാകും.