മെക്സിക്കൻ ഓപ്പണിൽ കിരീടം ചൂടി റാഫേൽ നദാൽ, 2022 ൽ തുടർച്ചയായ മൂന്നാം കിരീടം

പരിക്കിൽ നിന്നുള്ള തിരിച്ചു വരവിനു ശേഷം പരാജയം അറിയാതെയുള്ള റാഫേൽ നദാലിന്റെ കുതിപ്പ് തുടരുന്നു. മെക്സിക്കൻ ഓപ്പൺ ഫൈനലിൽ ജയം നേടിയ നദാൽ തുടർച്ചയായ പതിനഞ്ചാം ജയം ആണ് 2022 ൽ കുറിച്ചത്. ആറാം സീഡ് ആയ ബ്രിട്ടീഷ് ഒന്നാം നമ്പർ കാമറൂൺ നോരിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ മറികടന്നത്. മത്സരത്തിൽ ആദ്യം മുതൽ ആധിപത്യം നദാലിന് ആയിരുന്നു. രണ്ടു തവണ ബ്രൈക്ക് വഴങ്ങേണ്ടി വന്നെങ്കിലും 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത നദാൽ 6-4, 6-4 എന്ന സ്കോറിന് മത്സരം സ്വന്തം പേരിലാക്കി.

Img 20220227 Wa0110

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ മെക്സിക്കൻ ഓപ്പണിൽ നദാലിന്റെ നാലാം കിരീടം ആണ് ഇത്. മെക്സിക്കൻ ഓപ്പൺ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയ നദാൽ 35 മത്തെ വയസ്സിൽ ആ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും ആയി മാറി. ടൂർണമെന്റിൽ ഒരു സെറ്റ് പോലും കൈവിടാതെയാണ് നദാൽ കിരീടം ചൂടിയത്. കരിയറിൽ ഇത് 30 മത്തെ കിരീടം ആണ് നദാൽ ഒരു സെറ്റ് പോലും കൈവിടാതെ നേടുന്നത്. കഴിഞ്ഞ സീസണിൽ അടിയറവ് പറഞ്ഞ തന്റെ സ്വന്തം ഫ്രഞ്ച് ഓപ്പൺ കിരീടം ആവും നദാലിന്റെ അടുത്ത ലക്ഷ്യം.