വിജയിച്ചു എങ്കിലും മോഹൻ ബഗാൻ പുറത്ത്, കേരള ബ്ലാസ്റ്റേഴ്സ് vs ഹൈദരബാദ് ഫൈനൽ

ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഹൈദരബാദ് മോഹൻ ബഗാനോട് പരാജയപ്പെട്ടു എങ്കിലും അഗ്രിഗേറ്റ് സ്കോറിൽ അവർ രക്ഷപ്പെടുക ആയിരുന്നു. ആദ്യ പാദത്തിൽ ഹൈദരാബാദ് 3-1 എന്ന സ്കോറിന് ബഗാനെ തോൽപ്പച്ചിരുന്നു. ഇന്ന് 1-0 എന്ന സ്കോറിന് മോഹൻ ബഗാൻ വിജയിച്ചു. അഗ്രിഗേറ്റ് സ്കോറിൽ 3-2നാണ് ഹൈദരബാദ് സെമി ഫൈനൽ കടക്കുന്നത്.

ഇന്ന് തുടക്കം മുതൽ മോഹൻ ബഗാനാണ് മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചത്. എന്നാൽ അവർക്ക് പെട്ടെന്ന് ഗോൾ കണ്ടെത്താൻ ആയില്ല. കുറേയേറെ പരിശ്രമങ്ങൾക്ക് ശേഷം 79ആം മിനുട്ടിലാണ് അവർ ഗോൾ കണ്ടെത്തിയത്‌. റോയ് കൃഷ്ണ ആണ് ഗോൾ നേടിയത്. ഒരു ഗോൾ കൂടെ നേടിയിരുന്നു എങ്കിൽ മോഹൻ ബഗാന് കളി എക്സ്ട്രാ ടൈമിലേക്ക് എത്തിക്കാമായിരുന്നു. പക്ഷേ അത് സാധിച്ചില്ല.

ഇത് ഹൈദരബാദിന്റെ ആദ്യ ഐ എസ് എൽ ഫൈനൽ ആണ്. മാർച്ച് 20ന് ഗോവയിലെ ഫതോർഡ സ്റ്റേഡിയത്തിൽ ആകും മത്സരം നടക്കുക.