ഇഞ്ച്വറി ടൈമിൽ ആശ്വാസം, കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ച് സഹലും ജീക്സണും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിലെ ആദ്യ വിജയത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടരും. എങ്കിലും ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം. ഇഞ്ച്വറി ടൈമിലെ ഒരു ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയത്തിൽ നിന്ന് രക്ഷപ്പെടുക ആയിരുന്നു. ഇന്ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ 93 മിനുട്ടും ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.

ആദ്യ പകുതിയിൽ പിറന്ന ഒരു സെൽഫ് ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്. തീർത്തും നിരാശ നൽകുന്ന പ്രകടനമാണ് ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. സീസണിൽ ഒരു വിജയം പോലും ഇല്ലാതെ കഷ്ടപ്പെടുക ആയിരുന്നു ഈസ്റ്റ് ബംഗാളിന് തുടക്കത്തിൾ കേരള ബ്ലാസ്റ്റേഴ്സ് വെറുതെ അവസരങ്ങൾ നൽകുക ആയിരുന്നു. 13ആം മിനുട്ടിൽ തന്നെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. ഒരു സെൽഫ് ഗോളാണ് അവർക്ക് ഗോൾ നൽകിയത്. പെനാൾട്ടി ബോക്സിൽ നിന്ന് റഫീഖ് നൽകിയ പാസ് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ കോനെ വലയിലേക്ക് തട്ടിയിടുക ആയിരുന്നു‌. ഈ ഗോൾ ഓഫ്സൈഡ് ആണെന്ന് പിന്നീട് വ്യക്തമായെങ്കിലും അസിസ്റ്റ് റഫറി കൊടി പൊക്കാത്തതിനാൽ അത് ഗോളായി തന്നെ നിലനിന്നു.

ആദ്യ ഗോളിന് ശേഷം ഈസ്റ്റ് ബംഗാൾ തന്നെയാണ് ആദ്യ പകുതിയിൽ അറ്റാക്ക് നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന് ഒരു നല്ല അവസരം പോലും ഉണ്ടാക്കാൻ ആയില്ല. രണ്ടാം പകുതിയിൽ സഹൽ, മുറേ, ജീക്സൺ എന്നിവരെ കളത്തിൽ ഇറക്കി കിബു വികൂന കളി തിരിച്ചുപിടിക്കാൻ ശ്രമിച്ചു. സഹൽ, മുറേ എന്നിവർ രണ്ടാം പകുതിയിൽ മികച്ചു നിന്നു. നല്ല അവസരങ്ങളും ലഭിക്കാൻ തുടങ്ങി. ജോർദൻ മറേയുടെ ഗോൾ എന്നുറച്ച ഒരു ഷോട്ട് ദെബിജിത് ഗംഭീര സേവിലൂടെ പുറത്തേക്ക് അകറ്റി.

പരാജയം ഉറപ്പിച്ചു എന്ന് തോന്നിച്ച 94ആം മിനുട്ടിൽ ആയിരുന്നു സഹൽ രക്ഷകനായി എത്തിയത്. സഹലിന്റെ ഒരു മനോഹര പാസിൽ നിന്ന് ജീക്സൺ പന്ത് വലയിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില നൽകി. ഇതിനു പിന്നാലെ വിജയിക്കാൻ ഒരു സുവർണ്ണാവസരം കൂടെ സഹലിന് ലഭിച്ചു എങ്കിലും പന്ത് വലയിലേക്ക് എത്താത്തത് നിർഭാഗ്യകരമായി.

ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റിൽ എത്തി. പോയിന്റ് ടേബിളിൽ ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തും നിൽക്കുകയാണ്‌