അവസാന പന്ത് ബാക്കി നിൽക്കെ വിജയം കുറിച്ച് അയര്‍ലണ്ട്, സ്വന്തമാക്കിയത് 7 വിക്കറ്റ് വിജയം

Sports Correspondent

അഫ്ഗാനിസ്ഥാനെതിരെ 1 പന്ത് അവശേഷിക്കവെ 169 റൺസെന്ന ലക്ഷ്യം നേടി അയര്‍ലണ്ട്. കരുതുറ്റ ബാറ്റിംഗ് പ്രകടനം അയര്‍ലണ്ട് ടോപ് ഓര്‍ഡര്‍ കാഴ്ചവെച്ചപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് 19.5 ഓവറിൽ ടീം നേടിയത്.

61 റൺസാണ് പോള്‍ സ്റ്റിര്‍ലിംഗ് – ആന്‍ഡ്രൂ ബാൽബിര്‍മേ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 31 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് പുറത്തായ ശേഷം ലോര്‍കാന്‍ ടക്കറുമായി ചേര്‍ന്ന് ബാൽബിര്‍ണേ 62 റൺസ് കൂടി നേടി.

38 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റന്‍ ബാൽബിര്‍ണേ പുറത്തായ ശേഷം ലോര്‍കന്‍ ടക്കറും തന്റെ അര്‍ദ്ധ ശതകം തികയ്ക്കുയായിരുന്നു. 32 പന്തിൽ 50 റൺസ് നേടിയ ടക്കര്‍ പുറത്താകുമ്പോള്‍ 23 റൺസായിരുന്നു 12 പന്തിൽ അയര്‍ലണ്ട് നേടേണ്ടിയിരുന്നത്.

15 പന്തിൽ 25 റൺസുമായി ഹാരി ടെക്ടറും 5 പന്തിൽ 10 റൺസ് നേടി ജോര്‍ജ്ജ് ഡോക്രെല്ലും ആണ് അയര്‍ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.