മഴ വില്ലനായി എത്തുമ്പോള്‍ അഞ്ച് റൺസ് തോൽവിയേറ്റ് വാങ്ങി ഇംഗ്ലണ്ട്, ലോകകപ്പിൽ അട്ടിമറിയുമായി അയര്‍ലണ്ട്

Sports Correspondent

Ireland
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം നേടി അയര്‍ലണ്ട്. ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 157 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 14.3 ഓവറിൽ 105/5 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മത്സരത്തിൽ വീണ്ടും മഴ വില്ലനായി എത്തുന്നത്. ഈ ഘട്ടത്തിൽ ഇംഗ്ലണ്ട് വിജയത്തിനായി 110 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ഇതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെതിരെ 5 റൺസ് വിജയം കരസ്ഥമാക്കുവാന്‍ അയര്‍ലണ്ടിന് സാധിച്ചു.

87/5 എന്ന നിലയിൽ നിന്ന് മോയിന്‍ അലിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ഇംഗ്ലണ്ട് തിരിച്ചുവരവ് പ്രതീക്ഷിച്ചുവെങ്കിലും മഴ തടസ്സം സൃഷ്ടിച്ചത് ഇംഗ്ലണ്ടിന് വിനയായി. മഴ തടസ്സപ്പെടത്തുമ്പോള്‍ ഇംഗ്ലണ്ട് 33 പന്തിൽ 53 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

 

മോയിന്‍ അലി 12 പന്തിൽ പുറത്താകാതെ 24 റൺസ് നേടി. ഹാരി ബ്രൂക്കും ദാവിദ് മലനും വേഗതയിൽ സ്കോറിംഗ് നടത്തുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി മാറി.

ആദ്യ ഓവറിൽ ജോസ് ബട്‍ലറെയും തന്റെ രണ്ടാം ഓവറിൽ അലക്സ് ഹെയിൽസിനെയും ജോഷ്വ ലിറ്റിൽ പുറത്താക്കിയപ്പോള്‍ ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റ് ഫിയോൺ ഹാന്‍ഡ് നേടി. ഇംഗ്ലണ്ട് 29/3 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് മെൽബേൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കാണാനായത്.

ഹാരി ബ്രൂക്കിനെയും ദാവിദ് മലനെയും ജോര്‍ജ്ജ് ഡോക്രെല്ലിന്റെ ഓവറിൽ ഐറിഷ് ഫീൽഡര്‍മാര്‍ കൈവിട്ടുവെങ്കിലും അതേ ഓവറിൽ ബ്രൂക്കിനെ പുറത്താക്കി വീണ്ടും ഇംഗ്ലണ്ടിന് കനത്ത പ്രഹരം ഡോക്രെൽ ഏല്പിച്ചു. 21 പന്തിൽ 18 റൺസാണ് ബ്രൂക്ക് നേടിയത്.

അധികം വൈകാതെ ദാവിദ് മലനെയും(35) അയര്‍ലണ്ട് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 86/5 എന്ന നിലയിലേക്ക് വീണു.