രണ്ടാം മത്സരത്തില്‍ തോല്‍വി, ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

വനിത ഹോക്കി ലോകകപ്പില്‍ അയര്‍ലണ്ടിനോട് പരാജയപ്പെട്ടതോടെ ലോകകപ്പിലെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ഇന്നത്തെ മത്സരഫലം പ്രതികൂലമായി മാറിയതോടെ ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ അതേ പോയിന്റുകളാണെങ്കിലും മോശം  ഗോള്‍ വ്യത്യാസം കാരണം പിന്നിലുള്ള യുഎസ്എ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലായി ഇപ്പോള്‍ പൂള്‍ ബിയില്‍ ഉള്ളത്.

ഇന്ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പിന്നില്‍ പോയത്. മത്സരത്തിന്റെ 13ാം മിനുട്ടില്‍ അന്ന ഒഫ്ലാന്‍ഗാന്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ അയര്‍ലണ്ട് ആ ലീഡ് നിലനിര്‍ത്തി ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. രണ്ട് ജയം നേടിയ അയര്‍ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം പൂളിലെ മറ്റു മൂന്ന് ടീമുകള്‍ക്കും അടുത്ത റൗണ്ടിലേക്ക് കടക്കുവാനുള്ള തുല്യ സാധ്യതയാണുള്ളത്. രണ്ട് പോയിന്റുള്ള ഇംഗ്ലണ്ടും ഓരോ പോയിന്റുള്ള ഇന്ത്യയും അമേരിക്കയുമാണ് അടുത്ത റൗണ്ട് പ്രതീക്ഷകളുമായി ജൂലൈ 29 മത്സരങ്ങള്‍ക്കിറങ്ങുക. അന്നേ ദിവസം വിജയം നേടുന്നവര്‍ക്ക് വീണ്ടും ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതയ്ക്കുള്ള മറ്റൊരു അവസരം കൂടി ലഭിക്കും.

ജൂലൈ 29നു നടക്കുന്ന അവസാന പൂള്‍ എ മത്സരത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കയെ മികച്ച മാര്‍ജിനില്‍ തോല്പിക്കാനായെങ്കില്‍ മാത്രമേ ഇന്ത്യയ്ക്ക് ക്രോസ് ഓവര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടാനാകൂ. കൂടാതെ ഇംഗ്ലണ്ട് അവസാന മത്സരത്തില്‍ അയര്‍ലണ്ടിനോട് ജയിക്കുകയും അരുത്. ഇംഗ്ലണ്ട് തങ്ങളുടെ രണ്ട് മത്സരങ്ങളിലും സമനില നേടി രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.

ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്കും രണ്ട് മൂന്ന് സ്ഥാനക്കാര്‍ മറ്റു ഗ്രൂപ്പുകളിലെ അതേ സ്ഥാനക്കാരുമായി ഏറ്റുമുട്ടുവാനായി ക്രോസ് ഓവര്‍ മത്സരങ്ങളിലേക്കും നീങ്ങും. പൂള്‍ എ ടീമുകളുമായി ആവും ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ക്രോസ് ഓവര്‍ മത്സരങ്ങള്‍ കളിക്കേണ്ടി വരിക.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സ്പെയിന്‍ 7-1 എന്ന സ്കോറിനു ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ലോല റിയേരയിലൂടെ ലീഡ് നേടിയ സ്പെയിന്‍ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 2-0 നു മുന്നിലായിരുന്നു. സ്പെയിനിന്റെ രണ്ടാം ഗോള്‍ ബെര്‍ട്ട ബോണാസ്ട്രേയാണ് നേടിയത്.

രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുട്ട് പിന്നിട്ടപ്പോള്‍ കാര-ലീ ബോട്ടെസ് ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് സ്പെയിനിന്റെ ആധിപത്യമാണ് മത്സരത്തില്‍ കണ്ടത്. കാര്‍ലോട്ട പെറ്റാചാമേ രണ്ടും കരോല സാല്‍വാട്ടേല ഒരു ഗോളും നേടിയപ്പോള്‍ തങ്ങളുടെ രണ്ടാം ഗോള്‍ സ്കോര്‍ ചെയ്ത് ലോല റിയേരയും ബെര്‍ട്ട ബോണാസ്ട്രേയും പട്ടിക പൂര്‍ത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅയർലാൻഡ് അടിച്ചു, ആദ്യ പരാജയമറിഞ്ഞ് ഇന്ത്യ
Next articleഈസ്റ്റ് ബംഗാളിന് ഐ എസ് എല്ലിൽ എത്താൻ കാത്തിരിക്കേണ്ടി വരും