പ്രതിഷേധക്കാർക്ക് പിന്തുണ അർപ്പിച്ച മുൻ ഇറാൻ താരം അറസ്റ്റിൽ

Voriaghafouri

മുൻ ഇറാൻ താരം വോറിയ ഗഫൗറിയെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തു. മുടി പുറത്ത് കണ്ടു എന്ന കാരണത്താൽ ഇറാനിലെ സദാചാര പോലീസ് മഹ്സ അമിനിയെ അടിച്ചു കൊന്നതിനെ തുടർന്ന് ഇറാനിൽ ഉണ്ടായ വലിയ പ്രതിഷേധത്തിന് പിന്തുണ അർപ്പിച്ചു എന്ന കാരണത്താൽ ആണ് ഗഫൗറി അറസ്റ്റ് ചെയ്യപ്പെട്ടത്. കുർദിഷ് വംശജരെ കൊല്ലരുത് എന്നു കൂടി സാമൂഹിക മാധ്യമങ്ങളിൽ ആവശ്യപ്പെട്ട ഗഫൗറി രാജ്യത്തിനു എതിരെ ഗൂഢാലോചന നടത്തി എന്നാണ് ഇറാൻ അധികൃതർ പറയുന്നത്. നേരത്തെ മുൻ വിദേശകാര്യ മന്ത്രിയെ വിമർശിച്ചതിനും താരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

മുമ്പ് പലപ്പോഴും വനിതകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കണം എന്നു ശക്തമായി വാദിച്ച ഗഫൗറി എന്നും തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന താരമാണ്. 40 വർഷങ്ങൾക്ക് ശേഷം ഇറാനിൽ സ്ത്രീകൾക്ക് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചപ്പോൾ അന്ന് താരത്തിന്റെ പേര് എഴുതിയ ബാനറുമായി നിരവധി വനിത ആരാധകർ എത്തിയിരുന്നു. ഇറാന് ആയി 28 മത്സരങ്ങൾ കളിച്ച റൈറ്റ് ബാക്ക് ആയ ഗഫൗറി ഇറാനിലെ ഏറ്റവും പ്രശസ്തരായ ഫുട്‌ബോൾ താരങ്ങളിൽ ഒരാൾ ആണ്. ഖത്തർ ലോകകപ്പ് വേദിയിൽ ദേശീയ ഗാനം പാടാതെ പ്രതിഷേധക്കാർക്ക് പിന്തുണ അർപ്പിച്ച ഇറാൻ ദേശീയ ടീം അംഗങ്ങൾക്കുള്ള മുന്നറിയിപ്പ് ആണ് ഇറാൻ അധികൃതർ മുൻ താരത്തിന്റെ അറസ്റ്റിലൂടെ നൽകിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.