വനിത ഐപിഎല്‍ തുടങ്ങണം, അഞ്ചോ ആറോ ടീം വെച്ചുള്ള തുടക്കം അനുയോജ്യം

ബിഗ് ബാഷിലെ വനിത ലീഗ് പോലെ ഇന്ത്യന്‍ ക്രിക്കറ്റിലും വനിത ലീഗ് വേണമെന്ന ആവശ്യം കുറച്ച് നാളായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ വനിത ഓപ്പണര്‍ സ്മൃതി മന്ഥാനയും ഈ ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഐപിഎലിന് സമാനമായി ഒരു വനിത ടി20 ലീഗും തുടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് ഇന്ത്യന്‍ ടീമിലേക്ക് കഴിവുള്ള താരങ്ങളെ കണ്ടെത്തുവാന്‍ മികച്ച അവസരം കൂടിയാവുമന്നും താരം വ്യക്തമാക്കി. ബിസിസിഐ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഗ് ബാഷ് വനിത ലീഗിന്റെ മാതൃകയില്‍ ഐപിഎലിനിടെ ഒരു പ്രദര്‍ശന മത്സരം വനിതകള്‍ക്കായി നടത്തിയിരുന്നു.

അത് മികച്ചൊരു സംഭവമായിരുന്നുവെന്ന് താരം വ്യക്തമാക്കി. അന്ന് ബിസിസിഐ മൂന്ന് ടീമുകള്‍ വെച്ച് നടത്തിയ ടൂര്‍ണ്ണമെന്റ് ഈ വര്‍ഷം നാല് ടീമായി ഉയര്‍ത്തുമെന്നാണ് കരുതിയതെങ്കിലും അത് കൊറോണ കാരണം നടന്നില്ലെന്ന് താരം പറഞ്ഞു. ഇന്ത്യയില്‍ വനിത ക്രിക്കറ്റ് വലിയ രീതിയില്‍ വളരുകയാണെന്നും അഞ്ചോ ആറോ ടീമോ ഉള്‍പ്പെടുന്ന ഒരു ഐപിഎല്‍ മാതൃകയിലുള്ള ടൂര്‍ണ്ണമെന്റ് ഗുണകരമാകുമെന്ന് താരം വെളിപ്പെടുത്തി.