ഇഞ്ച്വറി ടൈമിൽ എല്ലാം നശിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്, വിജയത്തിൽ നിന്ന് ദുരന്തത്തിലേക്ക്!!

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഇനി എങ്ങനെ വിജയവഴിയിലേക്ക് തിരികെ എത്തും എന്ന് അറിയില്ല. 91ആം മിനുട്ട് വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം വിജയം കൈവിട്ട് പരാജയവുമായി മടങ്ങിയ ദയനീയ കാഴ്ചയാണ് ഇന്ന് കണ്ടത്. കളിയുടെ 92ആം മിനുട്ടിലും 94ആം മിനുട്ടിലും വഴങ്ങിയ ഗോളുകൾ ആണ് കേരളത്തിന്റെ എല്ലാ സന്തോഷവും അവസാനിപ്പിച്ചത്. വിജയമില്ലാത്ത ആറു മത്സരങ്ങൾക്ക് ശേഷം ഇന്ന് ഗുവാഹത്തിയിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 2-1ന്റെ പരാജയവുമായി മടങ്ങിയിരിക്കുകയാണ്.

നിരവധി മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തുടക്കത്തിൽ താളം കണ്ടെത്താൻ കഷ്ടപ്പെട്ടിരുന്നു. പക്ഷെ കളിയിൽ ഉടനീളം പരിശ്രമത്തിന്റെ കാര്യത്തിൽ കേരളം പിറകിൽ പോയില്ല. നന്നായി കളിച്ചില്ല എങ്കിലും ആദ്യ പകുതിയിൽ തന്നെ കേരളത്തിന് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. 36ആം മിനുട്ടിൽ ഗോളി പോലും ഇല്ലാത്ത ഒരവസരം ലെൻ ദുംഗലിനു ലഭിച്ചു. അതു ലക്ഷ്യത്തിലേക്ക് തൊടുക്കാൻ അദ്ദേഹത്തിന് ആയില്ല.

കളിയുടെ 73ആം മിനുട്ടിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വന്നത്. സബ്ബായി എത്തിയ എം പി സക്കീർ എടുത്ത കോർണർ ഫ്രണ്ട് പോസ്റ്റിൽ നിന്ന് പൊപ്ലാനിക്ക് ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. പൊപ്ലാനിക്കിന്റെ കേരളത്തിനായുള്ള രണ്ടാം ഗോൾ മാത്രമാണിത്.

കളിയിൽ 91ആം മിനുട്ടിൽ വരെ ആ ഗോളിന്റെ മികവിൽ കേരളം മുന്നിൽ നിൽക്കുകയായിരുന്നു. പിന്നീടാണ് ദുരന്തം കാണേണ്ടി വന്നത്. സന്ദേശ് ജിങ്കൻ ബോക്സിൽ നടത്തിയ ആവശ്യമില്ലാത്ത ഒരു തള്ള് നോർത്ത് ഈസ്റ്റിന് പെനാൾട്ടി നൽകി. ഒഗ്ബചയ്ക്ക് പെനാൾട്ടി സ്പോട്ടിൽ നിന്ന് ലക്ഷ്യം പിഴച്ചില്ല. സ്കോർ 1-1. ആ സമനില ഗോളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തകർന്നിരുന്നു.

അതിനു തൊട്ടു പിറകെ നോർത്ത് ഈസ്റ്റിന്റെ വിജയ ഗോളും പിറന്നും. ബോക്സിന്റെ വലതു ഭാഗത്ത് നിന്ന് മാസ്കിയ തൊടുത്ത ബുള്ളറ്റായിരുന്നു നോർത്ത് ഈസ്റ്റിന് ജയം ഉറപ്പിച്ച് കൊടുത്തതും കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്തതും.

ഈ വിജയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു. കേരളം ഏഴാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്. അവസാന ഏഴു മത്സരങ്ങളിൽ ഒരു ജയം വരെ ബ്ലാസ്റ്റേഴ്സിന് ഇല്ല.

Advertisement