ഇന്ത്യക്ക് തിരിച്ചടി, ടി20 പരമ്പരയിൽ നിന്ന് ശിഖർ ധവാൻ പുറത്ത്

Staff Reporter

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യുമ്പോൾ താരത്തിന്റെ തോളിന് പരിക്കേറ്റിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ധവാൻ ഇന്ത്യയുടെ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. മത്സരം ശേഷം സമ്മാനദാന ചടങ്ങിനിടെ സ്ലിങ് ധരിച്ച് ധവാൻ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ന്യൂസിലാൻഡിലേക്ക് യാത്ര തിരിച്ച ഇന്ത്യൻ ടീമിൽ ശിഖർ ധവാൻ ഉണ്ടായിരുന്നില്ല. അതെ സമയം ശിഖർ ധവാന്റെ പകരക്കാരനെ ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ടീമിൽ അവസരം ലഭിക്കാതെ പോയ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. നിലവിൽ ഇന്ത്യൻ എ ടീമിനൊപ്പം ന്യൂസിലാൻഡിൽ പര്യടനം നടത്തുകയാണ് സഞ്ജു സാംസൺ.