മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനിയും താഴാൻ ഭൂമിയിൽ ഇടമില്ല എന്ന് പറയേണ്ടി വരും. ഇന്ന് പ്രീമിയർ ലീഗിൽ ഏറ്റവും മോശം ഫോമിൽ ഉണ്ടായിരുന്ന ന്യൂകാസിലൊനോടും മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റിരിക്കുകയാണ്. അതും ഒരു ഗോളു പോലും അടിക്കാൻ കഴിയാതെ. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂകാസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്.
മത്സരത്തിൽ വിജയിക്കുന്നതു പോയിട്ട് ഒരു ഗോൾ അടിക്കുമെന്ന് പോലും യുണൈറ്റഡ് തോന്നിപ്പിച്ചില്ല. 70 ശതമാനത്തിൽ അധികം പന്ത് കൈവശം വെച്ചിട്ടും എന്ത് ചെയ്യണമെന്ന് അറിയാതെ കളിക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. ആദ്യ പകുതിയിൽ തന്നെ ന്യൂകാസിൽ മുന്നിൽ എത്തേണ്ടതായിരുന്നു ന്യൂകാസിൽ യുണൈറ്റഡ്. ഭാഗ്യം മാത്രമാണ് യുണൈറ്റഡിനെ രക്ഷിച്ചത്.
എന്നാൽ അതേ കളി രണ്ടാം പകുതിയിലും തുടർന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ന്യൂകാസിൽ ശിക്ഷിച്ചു. കളിയുടെ 72ആം മിനുട്ടിൽ ലോംഗ്സ്റ്റാഫാണ് ന്യൂകാസിലിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടിയത്. ഒരു എവേ ജയമില്ലാതെ യുണൈറ്റഡ് ഇതോടെ തുടർച്ചയായ 11 മത്സരങ്ങൾ പൂർത്തിയാക്കി. 30 വർഷത്തിലെ ഏറ്റവും മോശം റെക്കോർഡാണിത്. അവസാന അഞ്ചു മത്സരങ്ങളിൽ രണ്ടു ഗോളുകൾ മാത്രമാണ് യുണൈറ്റഡ് നേടിയത്.
ലീഗിൽ 12ആം സ്ഥാനത്തുള്ള യുണൈറ്റഡ് റിലഗേഷൻ സോണിൽ നിന്ന് രണ്ട് പോയന്റു മാത്രം ദൂരെയാണ് നിൽക്കുന്നത്. ഈ പരാജയം യുണൈറ്റഡ് പരിശീലകൻ ഒലെയുടെ ജോലിയും തെറിപ്പിച്ചേക്കും.